കണ്ണൂര്‍: അവിനാശി വാഹനാപകടത്തില്‍ മരിച്ച കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി സനൂപിന് കണ്ണീരോടെ വിട നല്‍കി ജന്മനാട്. രാഷ്ട്രീയപ്രവര്‍ത്തകരും നാട്ടുകാരും സുഹൃത്തുക്കളുമടക്കം നൂറുകണക്കിനാളുകളാണ് നാടിന്‍റെ നാനാതുറകളില്‍ നിന്നും സനൂപിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. ഇന്ന് പുലര്‍ച്ചയോടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച സനൂപിന്‍റെ മൃതദേഹം കാനം മമ്പലത്തെ ബ്രദേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബിലാണ് ആദ്യം പൊതുദര്‍ശനത്തിന് വെച്ചത്.
അവിനാശി അപകടത്തില്‍ മരിച്ച സനൂപിന് വിട നല്‍കി ജന്മനാട്
ഇന്ന് പുലര്‍ച്ചയോടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച സനൂപിന്‍റെ മൃതദേഹം സംസ്‌കരിച്ചു.
ബെംഗളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് വന്ന കെഎസ്‌ആര്‍ടിസി ബസ് തമിഴ്‌നാട്ടിലെ അവിനാശിയില്‍ അപകടത്തില്‍ പെട്ട് 19 പേരാണ് ഇന്നലെ മരിച്ചത്. മരിച്ചവരില്‍ ഭൂരിഭാഗവും ബെംഗളൂരുവിലെ വിവിധ ഐടി കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍. അവരിലൊരാളായിരുന്നു സനൂപും. പയ്യന്നൂരിലെ ഓട്ടോ ഡ്രൈവറായ എന്‍.വി.ചന്ദ്രന്‍റെയും ശ്യാമളയുടെയും മകന്‍ എന്‍.വി.സനൂപ് ഒരു കുടുംബത്തിന്‍റെ മുഴുവന്‍ പ്രതീക്ഷയായിരുന്നു. കൊല്ലം ടികെഎം എഞ്ചിനീയറിങ് കോളജില്‍ നിന്നും ഇലക്ട്രിക്കല്‍ ആന്‍റ് ഇലക്ട്രോണിക്‌സില്‍ ബിടെക് ബിരുദം നേടിയ സനൂപ് തിരുച്ചിറപ്പള്ളി എന്‍ഐടിയില്‍ നിന്നുമാണ് എംടെക്ക് ബിരുദം പൂര്‍ത്തിയാക്കിയത്.
ബെംഗളൂരുവിലെ കോണ്ടിനന്‍റല്‍ ഓട്ടോമോട്ടീവ് കംപോണന്‍റ്‌സ് ഇന്ത്യ എന്ന സ്ഥാപനത്തില്‍ നാല് വര്‍ഷമായി എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്ന സനൂപ് ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയില്‍ നിന്നാണ് ബസില്‍ കയറിയത്. എറണാകുളത്തെ ഐടി സ്ഥാപനത്തില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന നീലേശ്വരം സ്വദേശിയായ പ്രതിശ്രുത വധുവിനെ കാണാനുള്ള യാത്രക്കിടെയായിരുന്നു അപകടം. കഴിഞ്ഞ മാസം നിശ്ചയിച്ച പ്രകാരം ഏപ്രില്‍ 11ന് വിവാഹം നടക്കാനിരിക്കെയായിരുന്നു അപ്രതീക്ഷിത അപകടം. സനൂപിന്‍റെ മരണം ഉള്‍കൊള്ളാന്‍ പോലും കഴിയാതെ വിങ്ങിപൊട്ടുകയാണ് ജന്മദേശമായ തെരു കാനം.