കണ്ണൂര്‍: മദ്യപിച്ച് ലക്കുകെട്ട് സ്‌കൂള്‍ കുട്ടികളുമായി ഓട്ടോറിക്ഷ ഓടിച്ചയാളെ പൊലീസ് പിടികൂടി. പൊലീസില്‍ നിന്ന് രക്ഷപ്പെടാനായി ഓട്ടോ ഡ്രൈവര്‍ പൊലീസുകാരെ ആക്രമിച്ചു. കടമ്പേരി അയ്യങ്കോലില്‍ ഷാഹിനാ മന്‍സിലില്‍ ഷാജഹാനെയാണ് (31) തളിപ്പറമ്പ് എസ്.ഐ കെ.പി.ഷൈൻ അറസ്റ്റ് ചെയ്‌തത്.
മദ്യപിച്ച് വാഹനമോടിച്ചയാളെ പിടികൂടി; ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ - കണ്ണൂര്‍ ലേറ്റസ്റ്റ്
കടമ്പേരി അയ്യങ്കോലില്‍ ഷാഹിനാ മന്‍സിലില്‍ ഷാജഹാനാണ് പിടിയിലായത്. ഇയാള്‍ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമം നടത്തി
കഴിഞ്ഞ ദിവസം വൈകുന്നേരം തളിപ്പറമ്പ് ട്രാഫിക് എസ്.ഐ കെ.വി.മുരളിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മാന്തംകുണ്ട് ഭാഗത്ത് വാഹനപരിശോധന നടത്തുന്നതിനിടെയാണ് സംഭവം. സ്‌കൂള്‍ വിദ്യാര്‍ഥികളുമായി അമിതവേഗതയില്‍ പോകുന്ന ഓട്ടോറിക്ഷ ശ്രദ്ധയില്‍പ്പെട്ട പൊലീസ് വാഹനത്തെ പിന്തുടരുകയായിരുന്നു. ഒരു കുട്ടിയെ ഇറക്കാനായി ഓട്ടോ നിര്‍ത്തിയപ്പോള്‍ പിന്നാലെയെത്തിയ പൊലീസ് ഷാജഹാനെ പിടികൂടി. ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് മനസിലായതോടെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചു. ഷാജഹാൻ രക്ഷപ്പെടാന്‍ വേണ്ടി അക്രമാസക്തനായി. ആക്രമണത്തില്‍ എആര്‍ ക്യാമ്പിലെ പൊലീസുകാരായ വിനോദ്, ഷൈജു എന്നിവര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് കൂടുതല്‍ പൊലീസുകാരെത്തിയാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ പ്രതി മദ്യപിച്ചതായി കണ്ടെത്തി. മദ്യപിച്ച് വാഹനമോടിച്ചതിനും പൊലീസുകാരെ കയ്യേറ്റം ചെയ്ത് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും വിവിധ വകുപ്പുകള്‍ പ്രകാരം ഷാജഹാനെതിരെ കേസെടുത്തു.