കേരളം

kerala

ETV Bharat / state

കണ്ണൂരിലെ ഒരു നോമ്പുകാരനും പട്ടിണിയാവില്ല, അത്താഴകമ്മിറ്റി വിഭവം ഒരുക്കിയിട്ടുണ്ട് - ramadan kannur

നോമ്പുള്ള എത്ര പേർ വന്നാലും കണ്ണൂര്‍ സിറ്റിയിലെ അത്താഴകമ്മിറ്റി ഭക്ഷണം നൽകും

അത്താഴകമ്മിറ്റി  കണ്ണൂർ അത്താഴകമ്മിറ്റി  റമദാൻ  നോമ്പ് തുറക്കാനുള്ള ഭക്ഷണം  സിറ്റി ജുമാ മസ്‌ജിദ്  athazha committe kannur  athazha committe  ramadan fasting foods  ramadan  ramadan kannur  athazha committe kannur
വ്രതശുദ്ധിയുടെ നാളുകളിൽ നോമ്പുതുറ ഭക്ഷണങ്ങളൊരുക്കി അത്താഴകമ്മിറ്റി

By

Published : Apr 23, 2021, 7:56 AM IST

Updated : Apr 23, 2021, 12:40 PM IST

കണ്ണൂര്‍: മുസ്‌ലിങ്ങള്‍ക്കിത് പ്രാർഥനയുടെയും ആത്മസമർപ്പണത്തിന്‍റെയും നാളുകൾ. രാപകല്‍ വ്യത്യാസമില്ലാതെ പ്രാര്‍ഥനകള്‍ നിര്‍വഹിക്കുന്നതോടൊപ്പം പകല്‍ സമയം ഭക്ഷണപാനീയങ്ങളും ഉപേക്ഷിക്കണം. സൂര്യാസ്തമയത്തിന് ശേഷം പ്രാർഥനയോടെ നോമ്പ് തുറക്കണം.

നോമ്പ് കാലത്ത് നഗരത്തിലൂടെ കടന്നു പോകുന്ന ഒരാള്‍ക്കും നോമ്പ് തുറക്കാനുള്ള ഭക്ഷണം കിട്ടാതെ വിഷമിക്കരുത് എന്ന് നിർബന്ധമുണ്ട് കണ്ണൂർ സിറ്റിക്കാര്‍ക്ക്. എന്നാൽ കൊവിഡ് എന്ന മഹാമാരി എങ്ങും പടർന്നു പിടിക്കുമ്പോൾ ഹോട്ടലുകളും ഭക്ഷണശാലകളും പലപ്പോഴും അടച്ചിട്ട അവസ്ഥയിലാണ്. ഹോട്ടലുകളും ഭക്ഷണശാലകളും പൂട്ടിയതോടെ ഭക്ഷണം കിട്ടാതെ അലയുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ടാകും. അവര്‍ക്ക് ആശ്വാസമായി മാറുകയാണ് സിറ്റിയിലെ അത്താഴകമ്മിറ്റി.

1990ല്‍ ആരംഭിച്ച ഈ കമ്മിറ്റി തലമുറകൾ കൈമാറി ഇന്നും നിലനിന്ന് പോകുന്നു. പൊതു ജനങ്ങളിൽ നിന്നുള്ള സാമ്പത്തിക സഹായം കൊണ്ടാണ് ഇതിന്‍റെ പ്രവർത്തനം. സാധനങ്ങള്‍ സ്‌പോൺസർ ചെയ്യുന്നവരും കമ്മിറ്റിയുടെ ലക്ഷ്യം അറിഞ്ഞ് സാധനങ്ങള്‍ എത്തിക്കുന്നവരുമുണ്ട്. സിറ്റി ജുമാ മസ്‌ജിദിന് സമീപത്താണ് അത്താഴകമ്മിറ്റി ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ വച്ച് തന്നെയാണ് പാചകവും. ഒരു മാസത്തേക്ക് പാചകക്കാരനെ നിര്‍ത്തിയാണ് ഇവിടെ ഭക്ഷണം ഒരുക്കുന്നത്. റമദാന്‍ ഒന്ന് മുതല്‍ 29ന് നോമ്പ് മുറിക്കുന്നതുവരെ ഇവിടെ ആര് വന്നാലും ഭക്ഷണം നല്‍കും.

കണ്ണൂരിലെ ഒരു നോമ്പുകാരനും പട്ടിണിയാവില്ല, അത്താഴകമ്മിറ്റി വിഭവം ഒരുക്കിയിട്ടുണ്ട്

കൊവിഡിന് മുൻപ് ദിവസം 250 പേര്‍ക്കുള്ള ഭക്ഷണം ഒരുക്കാറുണ്ടായിരുന്നു. എത്ര പേർ വന്നാലും ആർക്കും ഇവിടെ നിന്ന് ഭക്ഷണം നൽകും. നോമ്പിന്‍റെ 27-ാം രാവിന് വിവിധ പള്ളികള്‍ സന്ദര്‍ശിച്ച് വരുന്നവര്‍ സിറ്റി വഴിയായിരിക്കും കടന്നു പോകുക. അവര്‍ക്കും ഇവിടെ നിന്ന് ഭക്ഷണം നല്‍കും. ആ ദിവസങ്ങളിൽ ഏകദേശം 2000ത്തോളം പേർ ഇവിടേക്കെത്തുമായിരുന്നു. എന്നാല്‍ കൊവിഡിന് ശേഷം ഭക്ഷണം എത്തിച്ചു നല്‍കുകയാണ് ചെയ്‌തു കൊണ്ടിരിക്കുന്നത്. നഗരത്തിലെ വിവിധ ആശുപത്രികള്‍, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലുള്ളവര്‍ക്ക് രാത്രി ഭക്ഷണം ദിവസവും എത്തിച്ച് നല്‍കുന്നുണ്ട്. മുൻപ് ചോറും പച്ചക്കറിയുമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ബിരിയാണി, നെയ്‌പത്തിരി, ഇറച്ചി തുടങ്ങിയ വിഭവങ്ങൾ പാചകം ചെയ്‌ത് എത്തിച്ചു നൽകുന്നു.

അത്താഴകമ്മിറ്റി നിലവില്‍ വരുന്നതിന് മുൻപ് സമീപത്തെ യത്തീംഖാന വഴി ഭക്ഷണം നല്‍കാറുണ്ടായിരുന്നു. പക്ഷെ ഇത് രാത്രി 10 മണി വരെ മാത്രമേ ലഭ്യമാകുകയുള്ളൂ. പത്ത് മണിക്ക് ശേഷം വരുന്നവര്‍ നിരാശരായി മടങ്ങുന്ന കാഴ്‌ച കണ്ടാണ് സിറ്റി സ്വദേശികളായ പി.വി ജമാല്‍, ഹമീദ്, മുവക്കാട്ട് അലി, പി.അസീസ് എന്നിവര്‍ ചേര്‍ന്ന് എല്ലാര്‍ക്കും ഭക്ഷണം നല്‍കാന്‍ ആരംഭിച്ചത്. തുടര്‍ന്ന് 1996ല്‍ ഇത് ഒരു കമ്മിറ്റിയായി രൂപാന്തരപ്പെട്ടു. പിന്നീട് അത് അത്താഴകമ്മിറ്റി എന്ന പേരില്‍ പില്‍കാലത്ത് അറിയപ്പെടാന്‍ തുടങ്ങി. നിലവില്‍ അത്താഴക്കമ്മിറ്റി തുടങ്ങിയവരില്‍ ജമാല്‍ മാത്രമാണ് ജീവിച്ചിരിക്കുന്നത്.

വ്രതശുദ്ധിയുടെ പുണ്യനാളുകളിൽ ഒരാളും നോമ്പ് തുറക്കാനുള്ള ഭക്ഷണമില്ലാതെ വിഷമിക്കരുതെന്ന നിർബന്ധത്തോടെ തലമുറകൾ കൈമാറി ഈ സംരംഭം തുടരാനുള്ള ലക്ഷ്യത്തിലാണ് അത്താഴകമ്മിറ്റി പ്രവര്‍ത്തകര്‍.

Last Updated : Apr 23, 2021, 12:40 PM IST

ABOUT THE AUTHOR

...view details