കണ്ണൂര്‍:മെഗാ തിരുവാതിരകള്‍ പലനാടുകളിലും പലവട്ടം അരങ്ങേറിയിട്ടുണ്ടെങ്കിലും മെഗാ മോഹിനിയാട്ടമെന്ന പുത്തന്‍ പരീക്ഷണത്തിനൊരുങ്ങുകയാണ് അരുണിമ രാജന്‍ എന്ന കലാ പ്രതിഭ. മൂന്നാം ക്ലാസുകാരി മുതൽ 65 വയസുകാരി വരെയുള്ള 105 പേരെ മോഹിനിയാട്ടം അഭ്യസിപ്പിച്ചുകൊണ്ടാണ് വെങ്ങര കിഴക്കരക്കാവ് ഭഗവതി ക്ഷേത്ര കളിയാട്ടത്തിന്‍റെ വേദിയിലൂടെ അരുണിമ നാടിന്‍റെ പ്രശസ്‌തി പിടിച്ചുപറ്റാനൊരുങ്ങുന്നത്. വെങ്ങര കുതിരുമ്മലിലെ കെ.രാഘവന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ കമ്മ്യൂണിറ്റി ഹാളില്‍ വെച്ചാണ് മെഗാ മോഹിനിയാട്ടം പരിശീലനക്കളരി പുരോഗമിക്കുന്നത്.
ആദ്യ ക്ലാസില്‍ വെറും കാഴ്‌ചക്കാരായി നിന്നവര്‍ പോലും മോഹിനിയാട്ട പരിശീലനത്തിൽ പങ്കാളികളായി. അഞ്ച് ആഴ്‌ചകളിലായി ശനി-ഞായര്‍ ദിവസങ്ങളിലെ കേവലം നാല് മണിക്കൂറുകള്‍ വീതമുള്ള പരിശീലനം വഴിയാണ് 105 പേരടങ്ങിയ നൃത്ത സംഘത്തെ അരുണിമാ രാജന്‍ ഒന്നാന്തരം മോഹിനിയാട്ട നര്‍ത്തകിമാരായി മാറ്റിയെടുത്തത്. 105 പേരെ നാലു ബാച്ചുകളാക്കി തിരിച്ചാണ് പരിശീലിപ്പിച്ചെടുത്തത്. മെഗാ മോഹിനിയാട്ടം പരിശീലിക്കുന്നവരിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ വെങ്ങര ഹിന്ദു എല്‍.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ ഋതുലക്ഷ്‌മിയും ഏറ്റവും പ്രായം കൂടിയ വനിത കണ്ടോന്താര്‍ സ്വദേശിയായ അറുപത്തിയഞ്ചുകാരി രാധാമണിയുമാണ്.