കണ്ണൂര്‍:തലശ്ശേരി പിണറായിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടി പരിശീലന കേന്ദ്രത്തിന് ശാപമോക്ഷം (Anganwadi Training Center In Pinarayi). 2008 മുതല്‍ പിണറായിയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പരിശീലന കേന്ദ്രം 2017 ല്‍ വെട്ടൂട്ടായി പുത്തന്‍കണ്ടത്ത് പഞ്ചായത്തിന്‍റെ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. കേന്ദ്ര ഫണ്ട് ഉപയോഗിച്ചായിരുന്നു അങ്കണവാടി പരിശീലന കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.
കേന്ദ്ര ഫണ്ട് നിലച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് നല്‍കിയാണ് പ്രവര്‍ത്തനം തുടര്‍ന്ന് പോന്നത്. ഇപ്പോള്‍ വനിതാ ശിശുവികസന വകുപ്പ് നേരിട്ടാണ് പരിശീലന കേന്ദ്രം നടത്തുന്നത്. വനിതാ ശിശുവികസന വകുപ്പ് കേന്ദ്രം ഏറ്റെടുത്തതോടെ നേരത്തെ ഉണ്ടായിരുന്ന 12 ജീവനക്കാര്‍ക്ക് ജോലി നഷ്‌ടപ്പെട്ടിരുന്നു.
ഇതുവരെ ജോലി ചെയ്‌തിരുന്ന മുഴുവന്‍ ജീവക്കാരുടേയും തൊഴില്‍ സംരക്ഷിക്കണമെന്നും മുമ്പ് പരിശീലനങ്ങള്‍ക്ക് ചെലവാക്കിയ തുക പൂര്‍ണമായും അനുവദിച്ചു കിട്ടണമെന്നുമാണ് ജീവക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. അങ്കണവാടി പരിശീലനകേന്ദ്രം പിണറായിയില്‍ തന്നെ നിലനിര്‍ത്താനും അടുത്ത ബാച്ച് മുതല്‍ പരിശീലനം പിണറായിയില്‍ ആരംഭിക്കാനും തീരുമാനമായി. ഒപ്പം ഇവിടെ ജോലി ചെയ്‌തിരുന്ന 12 പേരുടേയും ജോലി സംരക്ഷിക്കാനും തത്വത്തില്‍ ധാരണയായി.
സ്വന്തം ഉടമസ്ഥതയിലുളള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടി പരിശീലനകേന്ദ്രം മൂന്ന് മാസം മുമ്പ് പൂട്ടി പരിയാരത്തെ വാടക കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. ഇതോടെയാണ് ഇവിടെ ജോലി ചെയ്‌തിരുന്ന 12 പേരുടേയും തൊഴില്‍ നഷ്‌ടപ്പെട്ടത്. പിണറായി പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവന്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, അങ്കണവാടി പ്രോഗ്രാം ഓഫിസര്‍ സി എ ബിന്ദു, പഞ്ചായത്ത് സെക്രട്ടറി ടി കെ ജസിന്‍, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദിനേഷ് ഭാസ്‌ക്കര്‍ എന്നിവര്‍ യോഗം ചേര്‍ന്നാണ് പരിശീലന കേന്ദ്രം പിണറായിയില്‍ തന്നെ നിലനിര്‍ത്താന്‍ തീരുമാനിച്ചത്.