കണ്ണൂർ: കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപ്രതി വികസന സൊസൈറ്റിയിൽ നിയമ വിരുദ്ധമായി നിയമനം നടത്തുന്നതായി പരാതി. ഫാർമസിസ്റ്റ്, അക്കൗണ്ടന്‍റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നിവരുടെ കരാർ നിയമനം അഭിമുഖത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തുന്നത് നിയമവിരുദ്ധമായാണെന്നാണ് ആക്ഷേപം. ഇതിനെതിരെ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് ആശുപ്രതി വികസന സൊസൈറ്റി അംഗം രാജീവൻ കപ്പച്ചേരി പരാതി നൽകി.
കണ്ണൂർ മെഡിക്കൽ കോളജ് വികസന സൊസൈറ്റിയിൽ അനധികൃത നിയമനമെന്ന് ആക്ഷേപം
സർക്കാർ അനുമതിയില്ലാതെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപ്രതി വികസന സൊസൈറ്റിയിൽ നിയമനം നടത്തുന്നുവെന്നാണ് ആരോപണം
ജനുവരി നാല്, അഞ്ച് തിയ്യതികളിലാണ് പരിയാരം കണ്ണൂർ മെഡിക്കൽ കോളജിൽ അഭിമുഖം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു നിയമനം നടത്തുന്നത് ആശുപ്രതി വികസന സൊസൈറ്റി ബൈ ലോ പ്രകാരം നിയമവിരുദ്ധമാണെന്നാണ് ആക്ഷേപം. സർക്കാർ അനുമതിയില്ലാതെ ഇത്തരം നിയമനം നടത്തരുതെന്നും മാത്രമല്ല കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് എംപ്ലോയിമെന്‍റ് എക്സ്ചേഞ്ച് മുഖാന്തരമോ മറ്റ് സുതാര്യമായ രീതിയിലോ നിയമനം നടത്തുന്നണമെന്നുമാണ് പരാതിയിൽ പറയുന്നത്. സർക്കാർ അനുമതി ഇല്ലാതെ സ്വന്തക്കാരെ തിരുകി കയറ്റാനുള്ള ശ്രമമാണ് ഇത്തരം അഭിമുഖങ്ങളിലൂടെ ചെയ്യുന്നതെന്ന് രാജീവൻ കപ്പച്ചേരി പറഞ്ഞു.
ആശുപ്രതി വികസന സൊസൈറ്റി ബൈ ലോ നിർമാണ സമയത്ത് തന്നെ കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ അടക്കം സർക്കാർ അനുവദിച്ച സുതാര്യമായ രീതിയിൽ മാത്രമേ തസ്‌തികകളിലേക്ക് അഭിമുഖത്തിലൂടെ ആളുകളെ നിയമിക്കൂ എന്ന ഉറപ്പിന്മേലാണ് അംഗീകാരം നൽകിയത്. എന്നാൽ ആ ബൈ ലോ കാറ്റിൽ പറത്തുന്ന രീതിയാണ് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.