കണ്ണൂർ :ഒന്നരപ്പതിറ്റാണ്ട് മുമ്പ് എച്ച്.ഐ.വി ബാധിതരെന്ന പേരിൽ സമൂഹം ഒറ്റപ്പെടുത്തിയ ഇരിട്ടി കൊട്ടിയൂരിലെ അക്ഷരയും അനന്തുവും മലയാളി മനസ്സാക്ഷിയില്‍ എന്നും നീറ്റലാണ്. ഇരുവരേയും സ്കൂളിൽ പ്രവേശിപ്പിക്കാതെ പ്രതിഷേധിക്കുന്ന മറ്റ് രക്ഷിതാക്കളുടെ മുന്നിൽ മക്കളെയും ചേർത്തുപിടിച്ച് നിൽക്കുന്ന രമയുടെ ചിത്രം കരളലിയിക്കുന്നതായിരുന്നു. വിദ്യാലയത്തിന്‍റെ വാതിലുകള്‍ അടഞ്ഞുപോയേക്കാമായിരുന്ന ദുരവസ്ഥയില്‍ നിന്ന് വെല്ലുവിളികളോട് പൊരുതി അവര്‍ ബിരുദങ്ങൾ നേടിയെടുത്തു. എന്നാല്‍ ഒരു തൊഴിൽ ലഭിക്കുന്നതിന് ഇന്നും ഈ രോഗം ഇരുവര്‍ക്കും വെല്ലുവിളിയാണ്. ഇതോടെ സർക്കാരിന്‍റേയും മുഖ്യമന്ത്രിയുടെയും കാരുണ്യം തേടുകയാണ് കുടുംബം.
also read: എച്ച്ആർസിടി ടെസ്റ്റ് നിരക്ക് കുറയ്ക്കാന്‍ അഭിപ്രായങ്ങള്‍ തേടി ഡല്‍ഹി ഹൈക്കോടതി
അക്ഷരയ്ക്ക് ബി.എസ്.സി സൈക്കോളജി ബിരുദമുണ്ട്. അനന്തു ബി.കോം പൂർത്തിയാക്കി. രോഗബാധയില്ലാത്ത മൂത്തമകൾ ആതിരയ്ക്ക് എം.ടെക് ബയോടെക്നോളജിയിൽ ബിരുദാനന്തര ബിരുദവുമുണ്ട്. 2017-ൽ എം.ടെക്. പാസായ ആതിര എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ അഭിമുഖത്തിൽ സെലക്‌ഷൻ ലിസ്റ്റിൽ ഒന്നാമതുണ്ടായിരുന്നു. പക്ഷേ, ജോലി ലഭിച്ചില്ല. മറ്റു പല സ്ഥലങ്ങളിലും സമാന അനുഭവം. ഒടുവിൽ കഴിഞ്ഞവർഷത്തോടെ പി.എസ്.സി, ബാങ്ക് കോച്ചിങ്ങിന് പോയിത്തുടങ്ങി.
അക്ഷരയ്ക്കും അനന്തുവിനും തൊഴില്‍ വേണം, ഒടുങ്ങാത്ത അവഗണനയിലും ജീവിതം കരുപ്പിടിപ്പിക്കാന്‍ വർഷങ്ങളായി യാതൊരു തൊഴിലിനും പോകാൻ സാധിക്കാതെ സുമനസുകളുടെ സഹായത്താൽ ജീവിതം ഇതുവരെ എത്തിച്ചു, ഇനിയും സുരക്ഷിത ജോലിയില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന് അമ്മ രമ പറയുന്നു. കൊട്ടിയൂർ അമ്പലക്കുന്ന് കൊറ്റംചിറയിൽ താമസിക്കുന്ന രമയുടെ മൂന്ന് മക്കളില്‍ ഇളയവരാണ് അക്ഷരയും അനന്തുവും. ഭർത്താവ് ഷാജിയിൽ നിന്നാണ് രമയ്ക്ക് എച്ച്.ഐ.വി ബാധയുണ്ടായത്. അതുവഴി മൂന്ന് മക്കളിൽ ഇളയവരായ രണ്ടുപേർക്കും രോഗം ബാധിച്ചു.
also read:ലക്ഷദ്വീപിലെ ടൗണ്‍ പ്ലാനിങ് റെഗുലേഷൻ; ഹർജിക്കാരന് മാത്രം അഭിപ്രായം അറിയിക്കാൻ സമയം അനുവദിച്ച് ഹൈക്കോടതി
പലരും ഒറ്റപ്പെടുത്തിയപ്പോഴും ചില സുമനസുകള്‍ കുടുംബത്തോടൊപ്പം നിന്നിരുന്നു. അത്തരത്തിൽ ഏറെ വർത്താശ്രദ്ധ നേടിയതായിരുന്നു നടൻ സുരേഷ് ഗോപിയുടെ അന്നത്തെ ഇടപെടൽ. ഇതോടെ കുടുംബത്തെ താരം ഏറ്റെടുത്തെന്ന രീതിയിലായിരുന്നു പിന്നീടുള്ള പ്രചരണം. എന്നാൽ അത് വ്യാജമായിരുന്നുവെന്നും ചില സഹായങ്ങൾ ഒഴിച്ചാൽ ഒറ്റപ്പെട്ട ജീവിതമായിരുന്നു തങ്ങളുടേതെന്നും അക്ഷര പറയുന്നു.
ഇവരുടെ ജീവിതം ഇനിയും മുന്നോട്ടുനീങ്ങാന്‍ കുടുംബത്തിലെ ഒരാൾക്കെങ്കിലും ജോലി വേണം, അല്ലാത്ത പക്ഷം ഭാവി ഇവര്‍ക്ക് മുന്നില്‍ ഒരു ചോദ്യമായി നിലകൊള്ളും. ഇനി ആരുടേയും സഹാനുഭൂതിയല്ല ഇവര്‍ക്ക് വേണ്ടത്. സുരക്ഷിതമായ ഒരു തൊഴിലാണ്. വീണ്ടും ആര്‍ക്കുമുന്നിലും കെെ നീട്ടാനാവാത്ത വിധം ഇവരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്‍റെ കടമയാണ്. കാലങ്ങളായി കനിയാത്ത അധികൃതര്‍ ഇനിയെങ്കിലും ഇവര്‍ക്കായി പുതിയ വാതിലുകള്‍ തുറന്നിടേണ്ടതുണ്ട്.