കണ്ണൂർ:എ.കെ.ജി ആശുപത്രിക്കെതിരെ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങൾക്കെതിരെ നിയമ നടപടിക്കൊരുങ്ങി ആശുപത്രി ഭരണ സമിതി. "എ.കെ.ജി ആശുപത്രിയിൽ കൊവിഡുണ്ട് അവിടെ പോകരുത് " എന്ന ശബ്ദ സന്ദേശമാണ് പ്രചരിക്കുന്നത്. ഇത് തികച്ചും വസ്തുതാ വിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്ന് എ.കെ.ജി ആശുപത്രി പ്രസിഡന്‍റ് ടി.ഐ മധുസൂദനൻ അറിയിച്ചു. കേരളത്തിലും കണ്ണൂരിലും കൊവിഡ് പോസ്റ്റിവ് കേസുകൾ ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം ഒരു വാർത്ത ആശുപത്രിയെ ആശ്രയിക്കുന്ന സാധാരക്കാരായ രോഗികളെ തെറ്റിദ്ധരിപ്പിക്കുക എന്ന ഗൂഢ ലക്ഷ്യത്തോടെയാണ്.
വ്യാജസന്ദേശങ്ങൾക്കെതിരെ നിയമ നടപടിക്കൊരുങ്ങി എ.കെ.ജി ആശുപത്രി - എ.കെ.ജി ആശുപത്രി
"എ.കെ.ജി ആശുപത്രിയിൽ കൊവിഡുണ്ട് അവിടെ പോകരുത് " എന്ന ശബ്ദ സന്ദേശമാണ് പ്രചരിക്കുന്നത്. ഇത് തികച്ചും വസ്തുതാ വിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്ന് എ.കെ.ജി ആശുപത്രി പ്രസിഡന്‍റ് ടി.ഐ മധുസൂദനൻ അറിയിച്ചു.
പരിയാരം മെഡിക്കൽ കോളജ്, കണ്ണൂർ ജില്ലാ ആശുപത്രി എന്നിവിടങ്ങൾ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളായി മാറിയ സാഹചര്യത്തിൽ എല്ലാ വിഭാഗത്തിൽപെട്ട ചികിത്സാരീതികളും മിതമായ നിരക്കിൽ സമൂഹത്തിനു നൽകുവാൻ കണ്ണൂരിൽ ഇപ്പോൾ എ.കെ.ജി ആശുപത്രിമാത്രമേ ഉള്ളൂ എന്ന പശ്ചാത്തലത്തിലാണ് ഇത്തരം പ്രചരണം. ഇതിനു മുൻപും ഇത്തരം ആരോപണങ്ങൾ അത്തരക്കാർ പടച്ചുവിട്ടിട്ടുണ്ട്. അതിനെല്ലാം തക്കതായ കർശന നടപടികളും സ്വീകരിച്ചിട്ടുമുണ്ട്. ഇത്തരത്തിലുള്ള അനാവശ്യ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണ്. സർക്കാർ അനുശാസിക്കുന്ന ശിക്ഷ നടപടികൾ ഇത്തരക്കാർ തീർച്ചയായും അഭിമുഖീകരിക്കേണ്ടിവരുമെന്നും ആശുപത്രി പ്രസിഡന്‍റ് വ്യക്തമാക്കി.