തില്ലങ്കേരി സംഘത്തിന് മറുപടിയുമായി പി.ജയരാജന്‍ കണ്ണൂര്‍ : ആകാശ് തില്ലങ്കേരിയുടെയും അനുയായികളുടെയും ഫേസ്ബുക്ക് പോസ്‌റ്റിലൂടെ രൂപപെട്ട വിവാദത്തിന് ശക്തമായ മറുപടിയുമായി സിപിഎം. കണ്ണൂർ ജില്ല സെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്‌ത രാഷ്‌ട്രീയ വിശദീകരണ യോഗത്തിൽ സംസ്ഥാന സമിതിയംഗം പി.ജയരാജനാണ് ആകാശ് തില്ലങ്കേരിക്കും സംഘത്തിനും എതിരെ ആഞ്ഞടിച്ചത്. പാർട്ടിയുടെ മുഖം ആകാശല്ലെന്നും അംഗങ്ങളും നേതൃത്വവുമാണ് സിപിഎമ്മിന്‍റെ മുഖമെന്നും പി.ജയരാജൻ വ്യക്തമാക്കി.
എടയന്നൂർ ശുഹൈബ് വധം പാർട്ടി തള്ളിപ്പറഞ്ഞതാണ്. കൃത്യമായ പരിശോധനയ്ക്ക് ശേഷം പാർട്ടിയിൽപ്പെട്ട എല്ലാ പ്രതികളെയും പുറത്താക്കിയതാണ്. സിപിഎം ജില്ല കമ്മിറ്റിയാണ് ഇത്തരത്തിൽ ഒരു നടപടി കൈക്കൊണ്ടതെന്നും പി.ജയരാജന്‍ പറഞ്ഞു.
പാർട്ടി ക്വട്ടേഷൻ സംഘത്തിന്‍റെ പിന്നാലെ പോയിട്ടില്ല. ക്വട്ടേഷൻ സംഘത്തിൽപ്പെട്ട ചിലരുടെ പേരുകൾ ജില്ല സെക്രട്ടറി തന്നെ മാധ്യമങ്ങളിലൂടെ പറഞ്ഞിട്ടുണ്ട്. അതും കൂടിയാലോചനയ്ക്ക് ശേഷമാണ്. കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്നും ജയരാജൻ കുറ്റപ്പെടുത്തി.
ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്‌റ്റ് വായിച്ച ജയരാജൻ, പല വഴിക്ക് സഞ്ചരിക്കുന്നവർക്ക് അങ്ങനെയാകാമെന്നും അവരുമായി പാർട്ടി സന്ധി ചെയ്യില്ലെന്നും തുറന്നടിച്ചു. പാർട്ടിക്ക് പാർട്ടിയുടെ വഴിയെന്നും നിങ്ങൾക്ക് നിങ്ങളുടെ വഴിയെന്നും അദ്ദേഹം അറിയിച്ചു.
പാർട്ടിയുടെ ചരിത്രത്തിൽ ഏറ്റവും വലുതാണ് ജീവത്യാഗമെന്നും അതിനോളം വലുത് മറ്റൊന്നില്ലെന്നും സൂചിപ്പിച്ച ജയരാജൻ മാധ്യമങ്ങളെയും കുറ്റപ്പെടുത്തി. പാർട്ടിയിൽ ഭിന്നിപ്പെന്ന രീതിയിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ വലതുപക്ഷ മാധ്യമങ്ങൾ ശ്രമിക്കുകയാണ്. മുഷ്കരസംഘമാണ് പാർട്ടിയെ തകർക്കാൻ ഇത്തരത്തിൽ ഗൂഢനീക്കം നടത്തുന്നത്. സാമൂഹിക വിരുദ്ധ സംഘത്തെ ഒരുകാലത്തും പാര്‍ട്ടി അംഗീകരിച്ചിട്ടില്ലെന്നും വരും നാളുകളിലും അവര്‍ക്കെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.