കണ്ണൂർ:ഇടതുപക്ഷ കോട്ടയായ തളിപ്പറമ്പ് മണ്ഡലം സി.പി. ഗോവിന്ദൻ നമ്പ്യാർക്ക് ശേഷം ജനങ്ങളുടെ പിന്തുണയോടെ പിടിച്ചെടക്കുമെന്ന് യുഡിഎഫ് തളിപ്പറമ്പ് മണ്ഡലം സ്ഥാനാർഥി അഡ്വ. വി.പി. അബ്‌ദുൽ റഷീദ്. നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം ഔദ്യോഗികമായി നടന്നതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെങ്കോട്ടയായ തളിപ്പറമ്പ് ഇക്കുറി പിടിച്ചെടുക്കുമെന്ന് അബ്‌ദുൽ റഷീദ് - കണ്ണൂർ യുഡിഎഫ് സ്ഥാനാർഥി
1952 മുതൽ ഇടതുപക്ഷത്തോട് ചേർന്ന് നിന്ന ചരിത്രമാണ് തളിപ്പറമ്പിനുള്ളത്

1952 മുതൽ ഇടതുപക്ഷത്തോട് ചേർന്ന് നിന്ന ചരിത്രമാണ് തളിപ്പറമ്പിനുള്ളത്. പക്ഷെ 1970 ൽ മാത്രമാണ് ചരിത്രം മാറ്റിമറിച്ച് കോൺഗ്രസ് സ്ഥാനാർഥി സി.പി. ഗോവിന്ദൻ നമ്പ്യാർ 970 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. പിന്നീടിങ്ങോട്ട് 50 വർഷത്തിലധികമായി തളിപ്പറമ്പ് ഇടതുപക്ഷത്തോട് ചേർന്ന് നിന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 725 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിന്‍റെ കെ. സുധാകരൻ വിജയിച്ചത്. തുടർന്ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 16,735 വോട്ടിന്‍റെ ഭൂരിപക്ഷം എൽഡിഎഫിന് ലഭിക്കുകയും ചെയ്‌തു.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും രണ്ട് തവണ തളിപ്പറമ്പിൽ എംഎൽഎയുമായ എം.വി. ഗോവിന്ദൻ മാസ്റ്ററാണ് ഇത്തവണത്തെ ഇടതുപക്ഷ സ്ഥാനാർഥി. മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടിയുള്ള വികസന ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് പ്രവർത്തിക്കുമെന്നും ജനങ്ങളുടെ പിന്തുണയോടെ ഇത്തവണ തളിപ്പറമ്പ് മണ്ഡലം പിടിച്ചെടക്കുമെന്നും അബ്‌ദുൽ റഷീദ് പറഞ്ഞു. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്ഥാനം വഹിച്ചിരുന്ന അബ്‌ദുൽ റഷീദ് ചെറുപുഴ സ്വദേശിയാണ്.