കണ്ണൂര്‍ :വിദ്യാർഥി സംഘടന പ്രവർത്തനത്തിലൂടെയാണ് അഡ്വ. എ എൻ ഷംസീർ പൊതു രംഗത്ത് എത്തിയത്. കണ്ണൂർ സർവകലാശാല യൂണിയന്‍റെ പ്രഥമ ചെയർമാനായിരുന്നു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജോയിന്‍റ് സെക്രട്ടറി, ഡിവൈഎഫ്‌ഐ ജില്ല പ്രസിഡന്‍റ്, സംസ്ഥാന പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ബ്രണ്ണൻ കോളജിൽ നിന്ന് ഫിലോസഫി ബിരുദവും കണ്ണൂര്‍ സര്‍വകാലാശാല പാലയാട് ക്യാമ്പസിൽ നിന്ന് നരവംശ ശാസ്‌ത്രത്തിൽ ബിരുദാനന്തരബിരുദവുമെടുത്ത ശേഷം പാലയാട് സ്‌കൂൾ ഓഫ് ലീഗൽ സ്‌റ്റഡീസില്‍ എൽഎൽബിയും എൽഎൽഎമ്മും പൂർത്തിയാക്കി.
സമര മുഖങ്ങളിൽ സജീവ നേതൃത്വമായിരുന്നു ഷംസീര്‍. പ്രൊഫഷണൽ കോളജ് പ്രവേശന കൗൺസിലിങ്ങിനെതിരായ സമരത്തിനിടെ പൊലീസിന്‍റെ ക്രൂര മർദനത്തിന് ഇരയായി. 94 ദിവസം ജയിലിലടയ്ക്കപ്പെട്ടു. 1999ൽ ധർമടം വെള്ളൊഴുക്കിൽ ആർഎസ്‌എസിന്‍റെ ആക്രമണത്തിന് ഇരയായി. അന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.