കണ്ണൂർ: മയക്ക് മരുന്ന് കേസില്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ പ്രതി തടവ് ചാടിയ സംഭവത്തില്‍ സൂചനകളൊന്നും ലഭിക്കാതെ പൊലീസ്. മയക്ക് മരുന്ന് കേസില്‍ തടവില്‍ കഴിഞ്ഞിരുന്ന കോയ്യോട് സ്വദേശി ടിസി ഹര്‍ഷാദാണ് കഴിഞ്ഞ ദിവസം ജയിലില്‍ നിന്നും രക്ഷപ്പെട്ടത്. ഇയാള്‍ സംസ്ഥാനം വിട്ടെന്ന നിഗമനത്തിലാണ് പൊലീസ്(Police Enquiry In Accused Escaped From Central Jail).
ഹര്‍ഷാദിന് സുഹൃത്തുക്കളുള്ള ബംഗളൂരുവിലും ഭാര്യയുടെ നാടായ തമിഴ്‌നാട്ടിലും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ ജനുവരി 9ന് ഹര്‍ഷാദിനെ ജയിലിലെത്തി സന്ദര്‍ശിച്ച സുഹൃത്തിനെ കുറിച്ചും സുഹൃത്തിന്‍റെ കുടുംബത്തിലും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഹര്‍ഷാദിനെ ബൈക്കില്‍ കയറ്റി കൊണ്ടുപോയത് ഇയാളല്ലെന്ന നിഗമനത്തിലാണ് പൊലീസ്.
അതേസമയം തടവ് ചാട്ടത്തിനുള്ള പദ്ധതി തയ്യാറാക്കിയതില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. ഹർഷാദിന്‍റെ മറ്റ് സുഹൃത്തുക്കളുടെ വിവരങ്ങളും അന്വേഷണ സംഘം നേടിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ തവനൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് വി.വിജയകുമാർ സെൻട്രൽ ജയിലെത്തി പരിശോധന നടത്തി.
വെൽഫെയർ ഓഫിസർ, അസിസ്റ്റന്‍റ് പ്രിസൺ ഓഫിസർമാർ, ഡ്യൂട്ടിയിലുണ്ടായിരുന്ന കമാൻഡോകൾ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. ജയിൽ സൂപ്രണ്ട് ഡോക്‌ടർ പി.വി വിജയനുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തി. തടവുകാരൻ ജയിലിന് പുറത്തിറങ്ങുമ്പോൾ അകമ്പടി നൽകാത്തത് ജയിലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ചയാണെന്ന് സൂപ്രണ്ട് വി. വിജയകുമാർ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.