കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ ബസിൽ നഗ്നത പ്രദർശനം നടത്തിയ പ്രതി പൊലീസ് കസ്റ്റഡിയിൽ. ചിറ്റാരിക്കൽ നല്ലോംപുഴ സ്വദേശി നിരപ്പിൽ ബിനുവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഇന്ന് പുലർച്ചയോടെ പൊലീസ് പിടികൂടുകയായിരുന്നു.
ഈ മാസം 28ന് ചെറുപുഴ ബസ് സ്റ്റാൻഡിൽ വച്ചായിരുന്നു സംഭവം. ഇയാൾ നഗ്‌നത പ്രദർശനം നടത്തുന്ന വീഡിയോ ദൃക്‌സാക്ഷി ആയ പെൺകുട്ടി സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരുന്നു. മറ്റാരുമില്ലെന്ന് മനസിലാക്കിയാണ് പ്രതി ബസിൽ കയറിയതെന്നും, പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനാണ് താൻ ദൃശ്യങ്ങൾ പങ്കുവച്ചതെന്നും യുവതി പറഞ്ഞിരുന്നു.
സംഭവത്തിൽ പെണ്‍കുട്ടി കേസ് നൽകിയിരുന്നില്ലെങ്കിലും പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ചെറുപുഴ - തളിപ്പറമ്പ് റൂട്ടിലോടുന്ന ബസ്, അടുത്ത യാത്രയ്ക്ക് വേണ്ടി നിർത്തിയിട്ടപ്പോഴായിരുന്നു നഗ്‌നത പ്രദർശനം. ജീവനക്കാരും മറ്റും ഭക്ഷണം കഴിക്കാനായി പോയ സമയത്താണ് നഗ്നത പ്രദർശനം നടന്നത്. യുവതി മാത്രമാണ് ഈ സമയം ബസിലുണ്ടായിരുന്നത്.
ALSO READ:ബസിൽ മധ്യവയസ്‌കന്‍റെ നഗ്‌നത പ്രദര്‍ശനം; ദൃശ്യം പകർത്തി പുറത്തുവിട്ടത് ബസിലെ യാത്രക്കാരി
യുവതിയുടെ എതിർ ഭാഗത്തെ സീറ്റിൽ വന്നിരുന്ന പ്രതി യാത്രക്കാരിയുടെ ശ്രദ്ധ തന്നിലേക്ക് തിരിച്ചു വിടാനുള്ള ശ്രമം നടത്തി. തുടർന്നായിരുന്നു നഗ്നത പ്രദർശനവും മോശം പെരുമാറ്റവും. എതിർ സീറ്റിലിരുന്ന് ഇയാൾ നടത്തിയ പ്രവൃത്തിയുടെ ദൃശ്യങ്ങൾ യുവതി പകർത്തി. മറ്റ് ആളുകൾ ബസിലേക്ക് കയറാൻ തുടങ്ങിയപ്പോൾ ഇയാൾ ബസിൽ നിന്ന് ഇറങ്ങി പോകുകയായിരുന്നു.
തുടർന്നാണ് തനിക്ക് നേരിട്ട ദുരനുഭവം യുവതി സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. പിന്നാലെ സംഭവത്തിൽ സ്വമേധയാ കേസെടുത്ത പൊലീസ് ചെറുപുഴ ബസ് സ്റ്റാൻഡിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു. ഇതോടെ പ്രതി ഒളിവിൽ പോയെങ്കിലും ഇന്ന് പുലർച്ചയോടെ പിടികൂടുകയായിരുന്നു.
ALSO READ:സ്വകാര്യ ബസിലെ നഗ്നത പ്രദർശനം : പ്രതിയെ പിടികൂടാനാവാതെ പൊലീസ്, യുവതിയുടെ മൊഴിയെടുത്തു
അടുത്തിടെ എറണാകുളത്തും സമാനമായ സംഭവമുണ്ടായിരുന്നു. മെയ് 17ന് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ അങ്കമാലിയില്‍ വച്ചായിരുന്നു സംഭവം. കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവാവ് യുവതിക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തുകയായിരുന്നു. സംഭവത്തിൽ കോഴിക്കോട് സ്വദേശി സവാദിനെ പൊലീസ് പിടികൂടിയിരുന്നു.
അങ്കമാലിയില്‍ വച്ച് ബസില്‍ കയറിയ സവാദ് യുവതിയുടെ തൊട്ടടുത്ത സീറ്റിലിരിക്കുകയും യുവതിയോട് സംസാരിക്കുകയും ചെയ്‌തു. കുറച്ച് സമയത്തിന് ശേഷം ഇയാൾ യുവതിയെ സ്‌പര്‍ശിക്കുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ യുവതി മൊബൈലിൽ പകർത്തിയിരുന്നു. തുടര്‍ന്ന് യുവതി ബഹളം വച്ചതോടെ ബസിലെ കണ്ടക്‌ടര്‍ വിഷയത്തില്‍ ഇടപെട്ടു.
പരാതി നല്‍കാന്‍ തയ്യാറാണെങ്കില്‍ പൊലീസില്‍ വിവരം അറിയിക്കാമെന്ന് യുവതിയോട് ബസ് കണ്ടക്‌ടര്‍ പറഞ്ഞു. ഇതിനിടെ ബസ് നിർത്തിയപ്പോൾ പ്രതി കണ്ടക്‌ടറെ തള്ളിമാറ്റി ബസിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. പിന്നാലെ കണ്ടക്‌ടറും, ഡ്രൈവറും ഇയാളെ പിന്തുടരുകയും എയർപോർട്ട് സിഗ്‌നലിൽ വച്ച് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.