ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയതിന്‍റെ പേരിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ എ പി അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നു. ഇന്ന് ഉച്ചയ്ക്ക് ദേശീയ ആസ്ഥാനത്ത് വെച്ച് ബിജെപി വർക്കിംഗ് പ്രസിഡന്‍റ് ജെ പി നദ്ദയിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി മുരളീധരൻ അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് അബ്ദുള്ളക്കുട്ടി ബിജെപിയില്‍ അംഗത്വം എടുത്തത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു.
എ പി അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നു - ബിജെപിയിൽ
ഇന്ന് ഉച്ചയ്ക്ക് ദേശീയ ആസ്ഥാനത്ത് വെച്ച് ബിജെപി വർക്കിംഗ് പ്രസിഡന്‍റ് ജെ പി നദ്ദയിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്.
പാർട്ടിയിൽ ചേരാൻ മോദി ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബിജെപിയിൽ ചേർന്നതോടെ താൻ ദേശീയ മുസ്‌ലിമായി മാറിയെന്നു അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോടു പറഞ്ഞു. മുസ്‌ലിങ്ങളും ബിജെപിയും തമ്മിലുള്ള അകലം കുറയ്ക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്‍റ് തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മോദിയുടെ വികസന മാതൃകയെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. രണ്ട് തവണ എംപിയായിരുന്ന അബ്ദുള്ളക്കുട്ടിയെ മോദി സ്തുതിയുടെ പേരില്‍ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയപ്പോഴാണ് അദ്ദേഹം കോൺഗ്രസില്‍ ചേർന്നത്.