കണ്ണൂർ : ഒരു മാവിൽ 7 ഇനം മാങ്ങകൾ. തളിപ്പറമ്പ് ദേശീയപാതയോരത്തെ പൂന്തോട്ടത്തിനടുത്തെ ഒരു മാവിലാണ് ഈ അപൂർവകാഴ്ച. രണ്ട് വർഷം മുൻപ് 22 ഇനം മാവുകൾ ബഡ് ചെയ്തുപിടിപ്പിച്ചതിനാലാണ് 7 ഇനം മാങ്ങകൾ കായ്ച്ചത്. മൂന്ന് വർഷം പ്രായമുള്ള നമ്പ്യാർ മാവിലാണ് ഈ അപൂര്‍വത. മാവും പൂന്തോട്ടവും പരിപാലിക്കുന്ന കുറ്റിക്കോൽ സ്വദേശി എം. പി ചന്ദ്രനാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചത്. രണ്ട് വർഷം മുൻപാണ് ചന്ദ്രൻ 22 മാവുകൾ ബഡ് ചെയ്തത്. അൽഫോൺസ, കരിമ്പം ഫാമിൽ നിന്നും ലഭിച്ച എച്ച് 87, ഹിമ പസന്ത് എന്നിവയും നാട്ടിൻ പുറങ്ങളിൽ നിന്നും ലഭിച്ച 19 ഓളം മാറ്റിനങ്ങളുമാണ് ബഡ് ചെയ്ത് പിടിപ്പിച്ചത്. കഴിഞ്ഞ വർഷം ഒരു ഇനം മാങ്ങ മാത്രമാണ് കായ്ച്ചത്. എന്നാൽ ഇത്തവണ 7 ഇനം മാങ്ങകള്‍ കായ്ച്ചിട്ടുണ്ട്.
ഏഴ് ഇനം മാങ്ങകളുമായി കൗതുകമുണര്‍ത്തുന്ന മാവ്
തളിപ്പറമ്പ് ദേശീയപാതയോരത്തെ പൂന്തോട്ടത്തിനടുത്തെ മാവാണ് ഏഴ് ഇനം മാങ്ങകളുമായി കാഴ്ചകാർക്ക് കൗതുകമുണർത്തുന്നത്.
Also Read:സിഡിഎം മെഷിനിൽ നിന്ന് പണം കവർന്ന സംഭവം; പ്രതിയെ പിടികൂടാനാവാതെ പൊലീസ്
രുചിയും മണവും കൂടുതലുള്ള നാട്ടുമാവുകൾ സംരക്ഷിച്ച് നിലനിർത്തുന്നതിനും ഭാവിതലമുറയ്ക്ക് അനുഭവിച്ചറിയാനും തന്നാൽ കഴിയുന്നത് ചെയ്യാനാണ് ഇദ്ദേഹം ഇത്തരത്തില്‍ പരീക്ഷണാടിസ്ഥാനത്തിൽ ചെയ്തുതുടങ്ങിയത്. ഇപ്പോൾ പല സ്ഥലങ്ങളിലും ഇതേ രീതിയിൽ വിവിധ തരം മാങ്ങകൾ ഉണ്ടാകുന്നവ വളർത്താനുളള സഹായങ്ങൾ ചെയ്യുന്നുണ്ടെന്നും ചന്ദ്രൻ പറഞ്ഞു. പഴുത്ത് കഴിഞ്ഞാൽ ഇവ പക്ഷികൾക്കുവേണ്ടി മാവിൽ തന്നെ നിർത്താറാണ് പതിവ്. പറശ്ശിനിക്കടവ് പാമ്പുവളർത്തൽ കേന്ദ്രത്തിലെ മുൻ ഇൻസ്പെക്ടറായിരുന്നു ചന്ദ്രൻ. ഇപ്പോൾ പൂന്തോട്ട നിർമ്മാണ രംഗത്താണ് പ്രവർത്തനം. വരും വർഷങ്ങളിൽ ബഡ്ഡിങ് ചെയ്ത 22 ഇനങ്ങളും കായ്ക്കുമെന്ന പ്രതീക്ഷയിലാണ് ചന്ദ്രൻ.