കണ്ണൂർ: ജില്ലയില്‍ 14 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാല് പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിതർ ആയതെന്നും ജില്ലയിൽ 10 പേര്‍ രോഗമുക്തരായെന്നും അധികൃതർ വ്യക്തമാക്കി. തില്ലങ്കേരി സ്വദേശികളായ 77കാരിക്കും 24കാരനും മുഴക്കുന്ന് സ്വദേശികളായ 42കാരനും 43കാരനുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ എട്ട് പേർക്കും ചെന്നൈയില്‍ നിന്നെത്തിയ രണ്ടു പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
കണ്ണൂര്‍ വിമാനത്താവളം വഴി ദുബായില്‍ നിന്നെത്തിയ ആലക്കോട് സ്വദേശിയായ അഞ്ച് വയസുകാരന്‍, ഇതേ വിമാനത്തില്‍ ജൂണ്‍ മൂന്നിനെത്തിയ കടന്നപ്പള്ളി സ്വദേശിയായ 55കാരന്‍, ജൂണ്‍ 11ന് മസ്‌ക്കറ്റില്‍ നിന്നെത്തിയ പയ്യാവൂര്‍ സ്വദേശിയായ 29കാരന്‍, ഇതേ ദിവസം കുവൈത്തില്‍ നിന്നെത്തിയ ശ്രീകണ്ഠാപുരം സ്വദേശിയായ 26കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 11ന് കുവൈത്തില്‍ നിന്നെത്തിയ ചപ്പാരപ്പടവ് സ്വദേശി 37കാരനും 41കാരനും, തിരുവനന്തപുരം വിമാനത്താവളം വഴി മെയ് 20ന് മോസ്‌കോയില്‍ നിന്നെത്തിയ തലശ്ശേരി സ്വദേശി 24കാരന്‍, കൊച്ചി വിമാനത്താവളം വഴി ജൂണ്‍ 12ന് കുവൈത്തില്‍ നിന്നെത്തിയ പാനൂര്‍ സ്വദേശി 39കാരന്‍ തുടങ്ങിയവർക്കാണ് വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരിൽ കൊവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയില്‍ നിന്ന് തലശ്ശേരി സ്വദേശികളായ 46കാരിയും 76കാരിയും ജൂണ്‍ അഞ്ചിനാണ് ജില്ലയിലെത്തിയത്. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 295 ആയി.