കണ്ണൂർ :ഹിദായത്ത് വീട്ടില്‍ എം.എ ഫാത്വിമ (11) പനിബാധിച്ച് ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ മത പുരോഹിതന്‍ അടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിപ്പള്ളി ഇമാം ഉവൈസ്, കുട്ടിയുടെ പിതാവ് സത്താർ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കുട്ടിയുടെ പിതാവിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ആശുപത്രിയിലെത്തിക്കാതെ 'ജപിച്ച് ഊതി'
ഇമാമിനെതിരെ മനപൂർവമല്ലാത്ത നരഹത്യക്കാണ് കേസെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം മതപരമായ ചികിത്സയാണ് ഇവർ കുട്ടിക്ക് നൽകിയിരുന്നതെന്നാണ് പൊലീസ് കണ്ടെത്തല്‍. ഫാത്വിമയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാതെ ജപിച്ച് ഊതൽ നടത്തിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.
More Read:ആശുപത്രിയിലെത്തിക്കാതെ 'ജപിച്ച് ഊതല്‍' ; ഫാത്തിമയുടെ മരണത്തില്‍ അറസ്‌റ്റിനൊരുങ്ങി പൊലീസ്
പോസ്‌റ്റുമോർട്ടം പരിശോധനയിൽ ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണമെന്ന് കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്‌ചയാണ് കടുത്ത പനിയെ തുടർന്ന് കുട്ടി മരിച്ചത്. പിന്നാലെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും മന്ത്രവാദ ചികിത്സ കാരണമാണ് കുട്ടി മരിച്ചതെന്നും ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. തുടർന്ന് കണ്ണൂർ സിറ്റി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഇടപെട്ട് ബാലാവകാശ കമ്മിഷന്‍
മുൻപും ചികിത്സ കിട്ടാതെ നാലിലധികം പേര്‍ മരിച്ചതായും ഇവരുടെ ബന്ധു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. ഫാത്വിമയുടെ മരണത്തിൽ ബാലാവകാശ കമ്മിഷന്‍ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.