ഇടുക്കി: കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പന്‍റെ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ഡ്രോണ്‍ പറത്തിയ യൂട്യൂബര്‍ അറസ്റ്റില്‍. തേനി ജില്ലയിലെ ചിന്നമന്നൂര്‍ സ്വദേശിയായ ഹരിയാണ് പിടിയിലായത്. ഡ്രോണ്‍ പറത്തിയത് അരിക്കൊമ്പനെ പ്രലോഭിപ്പിക്കുന്നതിന് കാരണമായെന്നാണ് പൊലീസ് പറയുന്നത്.
പുളിമരത്തോട്ടത്തില്‍ നിലയുറപ്പിച്ചിരുന്ന അരിക്കൊമ്പന്‍ ഡ്രോണ്‍ പറത്തിയതിനെ തുടര്‍ന്ന് തോട്ടത്തില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു. ഇതോടെ പുളിമരത്തോട്ടത്തില്‍ വച്ച് മയക്ക് വെടി വച്ച് പിടികൂടാമെന്ന വനം വകുപ്പിന്‍റെ പദ്ധതി നടപ്പാക്കാതായി.
അരിക്കൊമ്പനെ പിടികൂടാനുള്ള തമിഴ്‌നാടിന്‍റെ അരിക്കൊമ്പന്‍ മിഷന്‍ ഞായറാഴ്‌ച അതിരാവിലെ ആരംഭിക്കും. മയക്ക് വെടി വച്ച് പിടികൂടിയതിന് ശേഷം മേഘമല കടുവ സങ്കേതത്തിലേക്ക് വിട്ടയക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്. മിഷന്‍ അരിക്കൊമ്പന്‍ നടപ്പാക്കാനായി ആനമലയില്‍ നിന്ന് കുങ്കിയാനകളെ എത്തിക്കും. നിലവില്‍ കമ്പത്തെ തെങ്ങിന്‍ തോപ്പിലാണ് അരിക്കൊമ്പന്‍ നിലയുറപ്പിച്ചിരിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ പിന്തുടർന്ന് സ്ഥലം വളഞ്ഞിരിക്കുകയാണ്.
അരിക്കൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങിയാൽ മനുഷ്യ ജീവന് ഭീഷണിയാണെന്നാണ് തമിഴ്‌നാട് വനം വകുപ്പിന്‍റെ വിലയിരുത്തല്‍. വൈൽഡ് ലൈഫ് നിയമം 1972 ന്‍റെ 11 (എ) വകുപ്പ് പ്രകാരമാണ് അരിക്കൊമ്പനെ മയക്ക് വെടി വച്ച് ഉള്‍വനത്തിലേക്ക് മാറ്റുക. ഡോക്‌ടര്‍മാരായ കലൈവാണൻ, പ്രകാശ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് അരിക്കൊമ്പനെ മയക്ക് വെടി വയ്‌ക്കുക. തുടര്‍ന്ന് മേഘമലയിലെ വെള്ളമലയിലെ വരശ്‌നാട് താഴ്വരയിലേക്ക് അരിക്കൊമ്പനെ വിട്ടയക്കും.
ശ്രീവില്ലിപുത്തൂർ-മേഘമലെ ടൈഗർ റിസർവിന്‍റെ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററാണ് ദൗത്യത്തിന് നേതൃത്വം നല്‍കുക. ദൗത്യ സംഘത്തിൽ മൂന്ന് കുങ്കിയാനകള്‍ക്ക് പുറമെ പാപ്പാന്മാർ, വിദഗ്‌ധ വെറ്ററിനറി ഡോക്‌ടർമാരുടെ സംഘം, വിവിധ സേനാവിഭാഗങ്ങൾ എന്നിവരുണ്ടാകും.
കമ്പം ടൗണില്‍ ഭീതി പടര്‍ത്തി അരിക്കൊമ്പന്‍: ഇടുക്കിയിലെ വിവിധ ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തിയിരുന്ന അരിക്കൊമ്പനെ ഏതാനും ആഴ്‌ചകള്‍ക്ക് മുമ്പാണ് മയക്ക് വെടി വച്ച് പിടികൂടി പെരിയാര്‍ വന്യ ജീവി സങ്കേതത്തിലേക്ക് വിട്ടയച്ചത്. പെരിയാര്‍ വന്യ ജീവി സങ്കേതത്തില്‍ നിന്ന് തമിഴ്‌നാട് അതിര്‍ത്തിയിലെത്തിയ അരിക്കൊമ്പന്‍ പിന്നീട് കമ്പം ടൗണിലേക്ക് ഇറങ്ങുകയായിരുന്നു. ഇന്ന് പുലര്‍ച്ചയോടെ കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പന്‍ ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തി. റോഡിലുണ്ടായിരുന്ന വാഹനങ്ങള്‍ നശിപ്പിച്ചു. കമ്പം ടൗണിലെത്തി റോഡിലൂടെ വിഹരിക്കുന്ന അരിക്കൊമ്പന്‍റെ ദൃശ്യങ്ങള്‍ പുറത്തായിരുന്നു.
കമ്പം ടൗണില്‍ നിരോധനാജ്ഞ; പിന്നാലെ കേസുകള്‍:ജനവാസ മേഖലയിലെത്തി അരിക്കൊമ്പന്‍ ഭീതി പടര്‍ത്തിയതോടെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ മയക്ക് വെടി വയ്‌ക്കാനുള്ള ഉത്തരവിട്ടത്. സംഭവത്തെ തുടര്‍ന്ന് കമ്പം ടൗണില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കമ്പം മേട്ട് പാതയില്‍ ഗതാഗതങ്ങള്‍ പൂര്‍ണമായും നിരോധിച്ചു. ജനങ്ങള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കി. നിരോധനജ്ഞ ലംഘിച്ച സംഭവത്തില്‍ 30 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു.
വിഷയത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വനം വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി. അരിക്കൊമ്പനെ പിടികൂടാന്‍ എല്ലാ വകുപ്പുകളും ജനങ്ങളും സഹകരിക്കണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
more read:തുരത്താൻ എത്തിയവരെയെല്ലാം തിരിച്ചോടിച്ച് അരിക്കൊമ്പൻ; കുങ്കിയാനകളെ കമ്പത്ത് എത്തിക്കാൻ തമിഴ്‌നാട്, ടൗണിൽ പരാക്രമം തുടർന്നാൽ മയക്കുവെടി