ഇടുക്കി: വാത്തിക്കുടിയിൽ മരുമകന്‍റെ വെട്ടേറ്റ് വയോധികക്ക് ദാരുണാന്ത്യം. വാത്തിക്കുടി സ്വദേശി ഭാസ്‌കരന്‍റെ ഭാര്യ രാജമ്മയാണ് (58) വെട്ടേറ്റ് മരിച്ചത്. ഇവരുടെ ഇളയ മകളുടെ ഭർത്താവായ സുധീഷാണ് (33) ആക്രമണം നടത്തിയത്.
ആക്രമണത്തിൽ ഭാസ്‌കരനും വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഭാസ്‌കരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കി മുരിക്കാശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വാത്തിക്കുടി ടൗണിന് സമീപമാണ് ആമ്പക്കാട്ട് ഭാസ്‌കരനും കുടുംബവും താമസിക്കുന്നത്. ഏറെക്കാലമായി വാത്തിക്കുടിയിൽ ഇവരോടൊപ്പമാണ് സുധീഷും ഭാര്യയും താമസിച്ചിരുന്നത്.
ഇന്നലെ വൈകിട്ട് നാല് മണിയോടെ സുധീഷ് മദ്യപിച്ചെത്തി വഴക്കുണ്ടാക്കുകയും ഭാസ്‌കരനെ വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഈ സമയം തടസം പിടിക്കാനെത്തിയ ഭാസ്‌കരന്‍റെ ഭാര്യ രാജമ്മക്ക് വെട്ടേക്കുകയും തൽക്ഷണം മരണം സംഭവിക്കുകയുമായിരുന്നു. ആക്രമണത്തിന് ശേഷം സുധീഷ് വാഹനവുമായി കടന്നു കളഞ്ഞു എന്നാണ് നാട്ടുകാർ പറയുന്നത്.
സാമ്പത്തിക തർക്കങ്ങളാണ് വഴക്കിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ ഭാസ്‌കരനെ മുരിക്കാശ്ശേരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം വിദഗ്‌ധ ചികിത്സയ്ക്കായി തൊടുപുഴയിലേക്ക് മാറ്റുകയായിരുന്നു. മുരിക്കാശേരി പൊലീസ് എത്തി നടപടികൾ സ്വീകരിച്ച ശേഷം രാജമ്മയുടെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് കൊണ്ടുപോയി. പ്രതി സുധീഷിന് വേണ്ടിയിട്ടുള്ള തെരച്ചിൽ പൊലീസ് ആരംഭിച്ചു.
അരുവിക്കരയിൽ വയോധികയെ വെട്ടിക്കൊലപ്പെടുത്തി മരുമകൻ: തിരുവനന്തപുരം അരുവിക്കരയിൽ ഭാര്യാമാതാവിനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. അഴിക്കോട് വളപ്പെട്ട് സ്വദേശി താഹിറയാണ് (67) മരുമകന്‍റെ വെട്ടേറ്റ് മരിച്ചത്. താഹിറയെ കൊലപ്പെടുത്തിയ ശേഷം പ്രതി അലി അക്‌ബർ ഭാര്യ മുംതാസിനെയും വെട്ടിപ്പരിക്കേൽപ്പിച്ചു. തുടർന്ന് അലി അക്‌ബർ ആത്മഹത്യക്ക് ശ്രമിച്ചു.
മുംതാസും അലി അക്‌ബറും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. കുടുംബ പ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അലി അക്‌ബറും ഭാര്യയും തമ്മിൽ 10 വർഷമായി കുടുംബ കോടതിയിൽ കേസ് നടക്കുകയായിരുന്നു. എങ്കിലും ഇവർ ഒരു വീട്ടിലായിരുന്നു താമസം. ഇരുനില വീട്ടിൽ അലി അക്‌ബർ മുകളിലത്തെ നിലയിലും താഹിറയും മുംതാസും താഴത്തെ നിലയിലുമായിരുന്നു താമസിച്ചിരുന്നത്.
Also read:അരുവിക്കരയിൽ ഭാര്യമാതാവിനെ വെട്ടിക്കൊലപ്പെടുത്തി മരുമകൻ
നളന്ദയെ ഞെട്ടിച്ച കൊലപാതകങ്ങൾ: കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് പിതാവിനെ മകൻ കുത്തിക്കൊലപ്പെടുത്തി. ബിഹാറിലെ നളന്ദയിലാണ് സംഭവം. ധോരാഹി ഗ്രാമത്തിലെ സനോജ് സിങ്ങിനെയാണ് മകൻ കൊലപ്പെടുത്തിയത്. മാർച്ച് 16നാണ് സംഭവം. എന്നാൽ പ്രതി ആരാണെന്ന് പൊലീസിന് അറിയാന്‍ കഴിഞ്ഞിരുന്നില്ല. തുടർന്ന് പ്രത്യേക അന്വേഷണ സംഘം നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് മകൻ തന്നെയാണ് അച്ഛനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്.
സ്വത്ത് കൈക്കലാക്കാൻ ഭാര്യയെ കൊന്നു: അടുത്തിടെയാണ് നളന്ദയിൽ സ്വത്ത് കൈക്കലാക്കാൻ യുവതിയെ കൊലപ്പെടുത്തിയ ഭർത്താവ് പിടിയിലായിരുന്നു. സംഗീത ദേവി എന്ന യുവതിയാണ് കൊലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് നിതീഷ് കുമാർ പിടിയിലായി. സംഗീതയെ കൊലപ്പെടുത്തി കഷണങ്ങളാക്കി പലയിടങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. മാർച്ച് 19 മുതൽ യുവതിയെ കാണാനില്ലായിരുന്നു. യുവതിക്കായുള്ള തെരച്ചിൽ നടക്കുന്നതിനിടെയാണ് പൊലീസ് ശരീരഭാഗങ്ങൾ കണ്ടെടുക്കുന്നത്.