ഇടുക്കി:വണ്ടിപ്പെരിയാറിൽ 6 വയസുകാരിയെ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ട കോടതിവിധിയിൽ പ്രതിഷേധിച്ച് കൊണ്ട് യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു .യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു(Youth Congress Police Station March Idukki Vandiperiyar).
കോടതി ഉത്തരവ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. പ്രതിയെ വെറുതെ വിട്ടു കൊണ്ടുള്ള കോടതി ഉത്തരവിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ ക്രമക്കേടാണ് കോടതി ചൂണ്ടിക്കാട്ടിയത്. കോടതിവിധി റദ്ദ് ചെയ്തു കൊണ്ട് കേസിൽ സിബിഐ അന്വേഷണമാണ് വേണ്ടതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.
വണ്ടിപ്പെരിയാർ ചരക്കുളം കവലയിൽ നിന്നുമാരംഭിച്ച പ്രതിഷേധ മാർച്ച് ദേശീയ പാതയിൽ വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനു മുൻപിൽ പോലീസ് തടഞ്ഞു. പ്രതിഷേധ മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. പോലീസ് സേനയിൽ മുളവടിയുടെ കാലം കഴിഞ്ഞത് പോലീസ് ഏമാൻമാർ മറന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തില്‍ പറഞ്ഞു,
കൊല ചെയ്യപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കും വരെ യൂത്ത് കോൺഗ്രസിൻറെ സമര പോരാട്ടങ്ങൾ തുടരുമെന്നും നേതാക്കൾ വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ വൈസ് പ്രസിഡണ്ട് ശാരി ബിനു ശങ്കർ സ്വാഗതം ആശംസിച്ച പ്രതിഷേധ മാർച്ചിന്‍റെ ഉദ്ഘാടനത്തിൽ യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്‍റ് ഫ്രാൻസിസ് ദേവസ്യ അറയ്ക്ക പറമ്പിൽ അധ്യക്ഷനായിരുന്നു. കെപിസിസി രാഷ്ട്രീയ കാര്യസമിതിയംഗം ഷാനിമോൾ ഉസ്മാൻ ഡിസിസി പ്രസിഡന്‍റ് സിപി മാത്യു തുടങ്ങിയവർ പ്രതീഷേധ മാർച്ചിൽ പ്രസംഗിച്ചു.
പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്ന് വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറു വയസ്സുകാരിയുടെ മാതാപിതാക്കളെ കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോൾ ഉസ്മാൻ സന്ദർശിച്ചു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയല്ല കോൺഗ്രസ് ഈ കുടുംബത്തിന് ഒപ്പം നിൽക്കുന്നതെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു. കേരളത്തിൽ തന്നെ ഇത്തരം ഒരു സംഭവം ഇനി ഉണ്ടാകാൻ പാടില്ല. രാഷ്ട്രീയ പ്രേരിതമായി ഇത്തരം കേസുകളെ കാണുന്നത് ആർക്കും ഭൂഷണമല്ല. രാഷ്ട്രീയത്തിന്‍റെ ഭാഗമായി സ്വന്തം ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമം ഈ വിധിയിലൂടെ നമുക്ക് കാണാൻ കഴിയുമെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.