ഇടുക്കി:ലക്ഷങ്ങളുടെ ലഹരി വസ്തുക്കളുമായി അന്തർസംസ്ഥാന ഇടപാടുകാരനായ യുവാവ് വണ്ടൻമേട് പൊലീസിന്‍റെ പിടിയിൽ. കോഴിക്കോട് ഒളവണ്ണ വടക്കേ കോമളശ്ശേരിൽ അർജുൻ ഹരിദാസാണ് (25) അറസ്റ്റിലായത്. ഇയാളിൽ നിന്നും മാരക ലഹരി വസ്തുക്കളായ 60 ഗ്രാം എം.ഡി.എം.എ, ഏഴ് എൽ.എസ്.ഡി സ്‌റ്റാമ്പുകൾ, 25 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ കണ്ടെത്തി. തിങ്കളാഴ്ച്ച അർധരാത്രിയോടെ പുളിയൻമലയിൽ വച്ചാണ് ഇയാള്‍ പിടിയിലായത്.
ആവശ്യക്കാരെന്ന വ്യാജേന ബാംഗ്ലൂരിൽ നിന്ന് യുവാവിനെ വിളിച്ചു വരുത്തി പൊലീസ് പിടികൂടുകയായിരുന്നു. ബാംഗ്ലൂർ കേന്ദ്രീകരിച്ച് ലഹരി വ്യാപാരം നടത്തിയിരുന്ന അർജുൻ ഇടനിലക്കാരെ ഉപയോഗിച്ചാണ് കേരളത്തിൽ കച്ചവടം നടത്തിയിരുന്നത്. സുഹൃത്തും ഇടനിലക്കാരനുമായ ആളെ ചോദ്യം ചെയ്തതിൽ നിന്നാണ് യുവാവിനെക്കുറിച്ചുള്ള വിവരം സർക്കിൾ ഇൻസ്പെക്ടർ വി. എസ് നവാസിന് ലഭിച്ചത്. തുടർന്ന് ദിവസങ്ങളോളം അർജുനെ നിരീക്ഷിച്ച് വലയിൽ കുടുക്കുകയായിരുന്നു.
പിടിയിലായ അർജുന്റെ ഫോൺ രേഖകളിൽ നിന്നും മറ്റു കണ്ണികളെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്. അടിമാലി, കട്ടപ്പന എന്നിവിടങ്ങളിൽ ലഹരി വസ്തുക്കൾ വിൽക്കുന്ന സംഘങ്ങളെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പെെട്ടന്ന് തിരിച്ചറിയപ്പെടാതിരിക്കാൻ "കല്ല്, പവർ " എന്നീ കോഡ് ഭാഷയിലാണ് എം.ഡി.എം.എ കൈമാറി വന്നിരുന്നത്.