മുട്ടക്കറിയില്‍ പുഴു; വാഗമണില്‍ ഹോട്ടല്‍ പൂട്ടി ഇടുക്കി:ഭക്ഷണത്തില്‍ നിന്നും പുഴുവിനെ ലഭിച്ചെന്ന പരാതിയില്‍ ഇടുക്കിയില്‍ ഹോട്ടല്‍ പൂട്ടിച്ചു. വിനോദ സഞ്ചാര മേഖലയായ വാഗണില്‍ പ്രവര്‍ത്തിക്കുന്ന വാഗാലാൻഡ് എന്ന ഹോട്ടലിനെതിരെയാണ് പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്‍റെ നടപടി. കോഴിക്കോട് നിന്നുള്ള വിദ്യാര്‍ഥികളുടെ സംഘത്തിന് പ്രഭാത ഭക്ഷണമായി നല്‍കിയ മുട്ടക്കറിയില്‍ നിന്നാണ് പുഴുവിനെ കണ്ടെത്തിയത്.
വിദ്യാര്‍ഥി സംഘത്തിലെ രണ്ട് പേര്‍ക്കായിരുന്നു കറിയില്‍ നിന്നും പുഴുവിന്‍റെ ഭാഗം ലഭിച്ചത്. തുടര്‍ന്ന് ഇവര്‍ ഛര്‍ദിക്കുകയും മറ്റ് നാല് പേര്‍ ശാരീരികാസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്‌തു. ഇതിന് പിന്നാലെ ഈ ആറ് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.
മുട്ടക്കറിയില്‍ നിന്നും പുഴുവിന്‍റെ ഭാഗം കിട്ടിയതിന് പിന്നാലെ വിദ്യാര്‍ഥികളും അധ്യാപകരും ഹോട്ടല്‍ ജീവനക്കാരോട് പരാതി അറിയിച്ചു. എന്നാല്‍ ഇതിന് പിന്നാലെ ഹോട്ടല്‍ ജീവനക്കാരും വിനോദ സഞ്ചാര സംഘവും തമ്മില്‍ തര്‍ക്കമുണ്ടായി. ഇക്കാര്യം ചൂണ്ടിക്കാണിച്ചതിന് ഹോട്ടലിലുള്ളവര്‍ തങ്ങളോട് മോശമായ രീതിയിലാണ് പെരുമാറിയതെന്ന് കോളജ് അധികൃതര്‍ ആരോപിക്കുന്നു.
ഇതിന് പിന്നാലെ വാഗമൺ പൊലീസ് സ്ഥലത്തെത്തുകയും, ഏലപ്പാറ ഗ്രാമപഞ്ചായത്തിനെയും ആരോഗ്യവിഭാഗത്തെയും വിവരം അറിയിക്കുകയും ചെയ്‌തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹോട്ടല്‍ പൂട്ടിച്ചത്. അതേസമയം, ഈ ഹോട്ടലിനെതിരെ ഭക്ഷ്യ സുരക്ഷ വകുപ്പ് നേരത്തെയും നടപടി സ്വീകരിച്ചിരുന്നതാണ്.
ഒരുമാസം മുന്‍പ് വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നായിരുന്നു ഹോട്ടലിനെതിരെ ഭക്ഷ്യ സുരക്ഷ വകുപ്പ് നടപടിയെടുത്തത്. തുടര്‍ന്ന് ഹോട്ടലിന്‍റെ പ്രവര്‍ത്തനം വീണ്ടും ആരംഭിച്ച സാഹചര്യത്തിലാണ് ഈ വീഴ്‌ച.