ഇടുക്കി: ഒരു ലോക അധ്യാപക ദിനംകൂടി കടന്നുപോകുമ്പോള്‍ പുരസ്‌കാര നിറവിലാണ് സംസ്ഥാനത്തെ മികച്ച സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നായ ഇടുക്കി പഴയവിടുതി ഗവ. യു.പി. സ്കൂളിലെ പ്രധാനാധ്യാപകന്‍ ജോയി ആന്‍ഡ്രൂസ്. ജവഹര്‍ ശ്രേഷ്ഠ വിദ്യാലയ പുരസ്‌ക്കാരമാണ് കുട്ടികളുടെ കൂട്ടുകാരനായ ജോയി ആന്‍ഡ്രൂസിനെ തേടിയെത്തിയത്. വിദ്യാലത്തിന്‍റെ പുരോഗതിയും വിദ്യാര്‍ഥികളുടെ ഉന്നമനവും ലക്ഷ്യമിട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് പുരസ്‌കാരം. വരുന്ന പന്ത്രണ്ടിന് തൊടുപുഴയില്‍ നടക്കുന്ന ചടങ്ങില്‍ ഡീന്‍കുര്യാക്കോസ് എം പിയില്‍ നിന്നും ഏറ്റുവാങ്ങും.
ജവഹര്‍ ശ്രേഷ്ഠ വിദ്യാലയ പുരസ്‌ക്കാരം ഇടുക്കി പഴയവിടുതി ഗവ. യു.പിയിലെ പ്രധാനാധ്യാപകന്‍ ജോയി ആന്‍ഡ്രൂസിന്. ഒരുകാലത്ത് അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന ഹൈറേഞ്ചിലെ ഈ ആദ്യകാല വിദ്യാലയത്തെ സംസ്ഥാനത്തെ മികച്ച സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാക്കി മാറ്റുന്നതിന് മുഖ്യ പങ്ക് വഹിച്ചത് ഈ പ്രധാന അധ്യാപകനാണ്. പാഠ്യേതര വിഷയങ്ങളിലൂടെ വിദ്യാർഥികളെ സാമൂഹ്യ പ്രതിബദ്ധത ഉള്ളവരാക്കി മാറ്റുന്നതിനും കൃഷിപാഠങ്ങൾ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കുന്നതിനും ഈ അധ്യാപകന്‍റെ ഭാഗത്ത് നിന്നും നിരവധി ശ്രമങ്ങളാണ് നടന്നത്. അധ്യാപകരേയും മാതാപിതാക്കളെയും വിദ്യാര്‍ഥികളെയും ഒരുമിച്ച് നിര്‍ത്തി നടത്തുന്ന ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിന് മുമ്പും നിരവധി പുരസ്‌ക്കാരങ്ങള്‍ ജോയി ആന്‍ഡ്രൂസിനെ തേടി എത്തിയിട്ടുണ്ട്. ജൈവ പച്ചക്കറി കൃഷിയില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്‌കൂളിനുള്ള അവാര്‍ഡും, ഏറ്റവും മികച്ച സ്ഥാപന മേധാവിക്കുള്ള പുരസ്‌ക്കാരവും കഴിഞ്ഞ വര്‍ഷം ലഭിച്ചിരുന്നു. അധ്യാപന രംഗത്തെ മാതൃകയായ ജോയി ആന്‍ഡ്രൂസിന് ലഭിച്ച പുരസ്‌ക്കാരത്തിന്റെ തിളക്കത്തില്‍ ഏറെ സന്തോഷത്തിലാണ് ഈ വിദ്യാലയം.