ഇടുക്കി : നിയമസഭ തെരഞ്ഞെടുപ്പില്‍ ദേവികുളത്തെ പാർട്ടി സ്ഥാനാർഥിയായ അഡ്വ. എ. രാജയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയില്‍ അന്വേഷണ കമ്മിഷന് മുന്‍പില്‍ ഹാജരായി മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രൻ.
സി.പി.എം പാര്‍ട്ടി കമ്മിഷന്‍ രാജേന്ദ്രനില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. പാര്‍ട്ടിയുടെ മൂന്നാര്‍ ഏരിയ കമ്മറ്റി ഓഫിസില്‍വച്ചായിരുന്നു വിവരശേഖരണം.
പാര്‍ട്ടിയുടെ രണ്ടംഗ കമ്മിഷനാണ് അന്വേഷണ ചുമതല. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലെന്ന് എസ് രാജേന്ദ്രന്‍ പറഞ്ഞു.
സി.പി.എം പാര്‍ട്ടി കമ്മിഷന് മുന്‍പില്‍ ഹാജരായി എസ് രാജേന്ദ്രന്‍ ALSO READ:വഴിയോര കച്ചവടക്കാരിയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ചു ; പൊലീസിനെതിരെ വീണ്ടും പരാതി
മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായിരുന്നു. പാര്‍ട്ടി എന്ത് നടപടി സ്വീകരിച്ചാലും അംഗീകരിക്കുമെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു.
എ. രാജ ദേവികുളത്തുനിന്നും വിജയിച്ച് നിയമസഭയിലെത്തിയെങ്കിലും പാര്‍ട്ടി തല അന്വേഷണത്തില്‍ സി.പി.എം ഉറച്ചുനില്‍ക്കുകയായിരുന്നു. അതേസമയം, അന്വേഷണ വിവരങ്ങള്‍ പുറത്തുവിടാന്‍ കമ്മിഷന്‍ അംഗങ്ങള്‍ തയ്യാറായില്ല.
പാര്‍ട്ടിക്കകത്തെ ആഭ്യന്തര വിഷയങ്ങളാണ് ഇതെന്ന് കമ്മിഷന്‍ അംഗം സി.വി വര്‍ഗീസ് പറഞ്ഞു. എ. രാജയ്‌ക്കെതിരായി രഹസ്യമായി പ്രചാരണം നടത്തിയെന്നും സാമുദായിക വേര്‍തിരിവ് സൃഷ്‌ടിച്ച് പാര്‍ട്ടി വോട്ടുകള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചെന്നും അടക്കമുള്ള പരാതിയാണ് എസ്. രാജേന്ദ്രനെതിരെ ഉയര്‍ന്നത്.