ഇടുക്കി:മരം മുറിക്കല്‍ കേസില്‍ കര്‍ഷകരെ പ്രതിയാക്കി കേസെടുക്കാനുള്ള നിര്‍ദേശം പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് അന്ത്യശ്വാസനം. വിഷയത്തിൽ റെയിഞ്ചോഫിസര്‍മാര്‍, ഫോറസ്റ്റോഫിസര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ചു. എന്നാല്‍ കര്‍ഷകരെ പ്രതിയാക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഫോറസ്റ്റ് ഓഫിസർന്മാർ.
ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്
2020 ഒക്ടോബര്‍ 24ന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് വനം വകുപ്പിന്‍റെ അനുമതിയോടെ മരം മുറിച്ച കര്‍ഷകരെ പ്രതിയാക്കി കേസെടുക്കാനുള്ള വിവാദ നിര്‍ദേശം ആറാം തീയതിയാണ് ഉന്നത ഉദ്യോഗസ്ഥര്‍ ഫോറസ്റ്റോഫിസര്‍മാര്‍ക്ക് നല്‍കിയത്.
വിവാദ നിര്‍ദേശത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധവും ഉയര്‍ന്ന് വന്നിരുന്നു. ഇതിനെതിരെ കര്‍ഷകര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കര്‍ഷകര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കി കേസെടുപ്പിക്കാനുള്ള നീക്കം നടത്തുന്നത്. ഇതിന്‍റെ ഭാഗമായാണ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.