ഇടുക്കി:എപ്പോ വേണമെങ്കിലും നിലം പതിക്കാറായ ഒറ്റമുറി ഷെഡിൽ എത്രനാള്‍ അന്തിയുറങ്ങാനാവും എന്ന ആശങ്കയിലാണ് ഇടുക്കി നെടുങ്കണ്ടത്തെ ഒരു അമ്മ. കോരിച്ചൊരിയുന്ന മഴയത്തും ശക്തമായ കാറ്റിലും മാരിയമ്മ തന്‍റെ മക്കളെ ചേർത്ത് പിടിച്ചാണ് കഴിച്ചുകൂട്ടുന്നത്. മാരിയമ്മയും, മക്കളായ ആറാം ക്ലാസുകാരന്‍ വെട്രിമുരുകനും മൂന്നാം ക്ലാസുകാരി വിജയലക്ഷ്‌മിയുമാണ് ഈ ദുരിത ജീവിതം നയിക്കുന്നത്.
ഒറ്റമുറി ഷെഡിൽ ദുരിതജീവിതവുമായി മാരിയമ്മയും മക്കളും വൈദ്യുതിയും ശുചിമുറിയും ഇല്ലാത്ത ഷെഡില്‍ പേടിച്ച് വിറച്ചാണ് ഇവര്‍ കഴിയുന്നത്. മഴ കനത്താല്‍ ചോര്‍ന്നൊലിയ്‌ക്കും. ഏത് നിമിഷവും നിലംപൊത്തുമെന്ന അവസ്ഥയാണ്.
നാട്ടുകാരുടെ നേതൃത്വത്തിലാണ് ആസ്‌ബറ്റോസ് ഷീറ്റുകളും ടാര്‍പോളിനും ഉപയോഗിച്ച് ഷെഡ് നിര്‍മിച്ചത്. ആകെയുള്ള ഒരു കട്ടിലിലാണ് സാധനങ്ങള്‍ വച്ചിരിക്കുന്നത്. ഭക്ഷണം പാകം ചെയ്യാന്‍ അടുപ്പ് പോലും ഇല്ല.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാരിയമ്മയുടെ ഭര്‍ത്താവ് മരിച്ചു. കൂലിപ്പണിയെടുത്താണ് മാരിയമ്മ മക്കളെ പഠിപ്പിക്കുന്നത്. എന്നും രാവിലെ 6.45 ഓടെ ഇവര്‍ ഏലതോട്ടത്തില്‍ പണിക്ക് പോകും.
പിന്നീട് വൈകുന്നേരമാണ് തിരികെ എത്തുക. അതുവരെ കുട്ടികള്‍ ഷെഡില്‍ തനിച്ചാണ് കഴിയുക. വീട്ടിലെ അസൗകര്യങ്ങള്‍ മൂലം മൂത്തമകന്‍ വീട് ഉപേക്ഷിച്ച് പോയി. കൃത്യമായ വിലാസം പോലും ഈ കുടുംബത്തിനില്ല. അടച്ചുറപ്പുള്ള ഒരു കൊച്ചു വീടും, മക്കളുടെ വിദ്യാഭ്യാസവും മാത്രമാണ് ഈ അമ്മയുടെ ആഗ്രഹം.