ഇടുക്കി: വിദേശത്തുള്ള കാമുകനൊപ്പം ജീവിക്കാന്‍ ഭർത്താവിന്‍റെ വാഹനത്തിൽ മാരക ലഹരിമരുന്നായ എംഡിഎംഎ വച്ച് കുടുക്കാൻ ശ്രമിച്ച കേസിൽ പഞ്ചായത്ത് അംഗത്തെയും കാമുകന്‍റെ കൂട്ടാളികളെയും കൂടുതൽ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ അറസ്റ്റിലായതോടെ സൗമ്യ വണ്ടൻമേട് പഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജിവച്ചു.
സൗമ്യയുടെ കാമുകൻ വിനോദ് രാജേന്ദ്രനെ സൗദിയിൽനിന്ന് നാട്ടിലെത്തിക്കാനുള്ള നീക്കം അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതികളെ കൊച്ചി ഉൾപ്പടെയുള്ള സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കും.
Read more: കാമുകനോടൊപ്പം ജീവിക്കാൻ ഭർത്താവിന്‍റെ വാഹനത്തിൽ മയക്കുമരുന്ന് വച്ച പഞ്ചായത്തംഗം അറസ്റ്റിൽ
കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ലഹരിവിരുദ്ധ സംഘമായ ഡാൻസാഫും വണ്ടൻമേട് പൊലീസും ചേർന്ന് പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കൽ സുനിൽ വർഗീസിന്‍റെ ബൈക്കിൽ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുനിലിനെ ഒഴിവാക്കുന്നതിനായി ഭാര്യയും വിദേശത്തുള്ള കാമുകന്‍റെ കൂട്ടാളികളും ചേർന്ന് സുനിലിന്‍റെ വാഹനത്തിൽ എംഡിഎംഎ വച്ച് കുടുക്കാൻ ശ്രമിച്ചതാണെന്ന് കണ്ടെത്തിയത്.
കേസിൽ വണ്ടൻമേട് പഞ്ചായത്ത് അംഗം സൗമ്യ അബ്രഹാം (33), മയക്കുമരുന്ന് എത്തിച്ചുനൽകിയ കാമുകന്‍റെ കൂട്ടാളികളായ ശാസ്‌താംകോട്ട സ്വദേശി ഷാനവാസ് (39), മുണ്ടയ്ക്കൽ സ്വദേശി ഷെഫിൻ(24) എന്നിവരെ വണ്ടൻമേട് പൊലീസ് അറസ്റ്റ് ചെയ്‌ത് റിമാൻഡ് ചെയ്‌തിരുന്നു. സുനിലിനെ കൊലപ്പെടുത്താനും ഗൂഢാലോചന നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.