ഇടുക്കി:കുമളിയിൽ ഏഴുവയസുകാരനെ ചട്ടുകംകൊണ്ട് പൊള്ളലേൽപ്പിക്കുകയും മുളകുപൊടി കണ്ണിൽ വിതറുകയും ചെയ്‌ത സംഭവത്തിൽ അമ്മ അറസ്റ്റിൽ. ജുവൈനല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് കേസ്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇന്ന് ഉച്ചയോടെയാണ് മാതാവിനെ അറസ്റ്റുചെയ്‌തത്.
ALSO READ|ചട്ടുകം കൊണ്ട് പൊള്ളലേൽപ്പിച്ച് കണ്ണിൽ മുളകുപൊടി വിതറി; ഏഴു വയസുകാരനോട് അമ്മയുടെ ക്രൂരത
കുമളി അട്ടപ്പള്ളം ലക്ഷം വീട് കോളനിയിൽ ഞായറാഴ്‌ച (ഫെബ്രുവരി അഞ്ച്) ഉച്ചയ്ക്ക് ശേഷമാണ് സംഭവം. അടുത്ത വീട്ടിൽ നിന്നും ടയർ എടുത്ത് കത്തിച്ചതിനാണ് ശിക്ഷിച്ചതെന്ന് കുട്ടി പറയുന്നു. രണ്ടു കൈകളുടെയും കൈമുട്ടിന് താഴെയാണ് പൊള്ളൽ. കാൽമുട്ടുകൾക്ക് താഴെയും പൊള്ളിച്ചിട്ടുണ്ട്.
സംഭവമറിഞ്ഞ അയൽവാസി പഞ്ചായത്ത് മെമ്പറെയും അങ്കണവാടി ടീച്ചറെയും വിവരമറിയിക്കുകയായിരുന്നു. ഇവരെത്തിയാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്. മുൻപും പലതവണ അമ്മ ഉപദ്രവിച്ചതായി കുട്ടി പറഞ്ഞു. കൃസൃതി സഹിക്കാൻ വയ്യാതെയാണ് ഇങ്ങനെ ചെയ്‌തതെന്നാണ് അമ്മ വ്യക്തമാക്കുന്നത്. അറസ്റ്റിലായ ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.