ഇടുക്കി:മുന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം. വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ആന തകർത്തു. പെരിയാര്‍ ലോവർ ഡിവിഷൻ സ്വദേശി പ്രദീപിന്‍റെ ഓട്ടോറിക്ഷയാണ് ആന തകർത്തത്. ഓട്ടോറിക്ഷ തകർന്നത് സംബന്ധിച്ച് ഉടമ പ്രദീപ് വനംവകുപ്പിൽ പരാതി നൽകി.
മൂന്നാറില്‍ പടയപ്പയുടെ ആക്രമണം വീണ്ടും; വീടിന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തകര്‍ത്തു - വനംവകുപ്പ്
ഇടുക്കി മൂന്നാറില്‍ വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തകര്‍ത്ത് കാട്ടാന പടയപ്പ, ഓട്ടോറിക്ഷ തകർന്നത് സംബന്ധിച്ച് വനംവകുപ്പിൽ പരാതി നൽകി ഉടമ

ഇന്നലെ രാത്രിയിലാണ് വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്ക് നേരെ ആനയുടെ ആക്രമണമുണ്ടായത്. തുമ്പികൈ കൊണ്ട് ഓട്ടോയിൽ ശക്തമായി അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ ഓട്ടോയ്‌ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മുന്നാറിൽ പടയപ്പയുടെ സജീവ സാന്നിധ്യമുണ്ടായിരുന്നുവെങ്കിലും മുൻകാലങ്ങളിൽ ആക്രമണം കുറവായിരുന്നു. ഏതാനും നാളുകളായി വഴിയോര വ്യാപാര സ്ഥാപങ്ങൾക്കും വാഹനങ്ങൾക്കും നേരെ ആന ആക്രമണം നടത്താറുണ്ട്.
അതേസമയം പടയപ്പക്ക് നേരെ മനപൂർവമായ പ്രകോപനം സൃഷ്‌ടിക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്ന് വനംവകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതുപ്രകാരം കടലാർ സ്വദേശിക്കെതിരെ കേസ് എടുക്കുകയും ചെയ്‌തിരുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് ഏതാനും മാസങ്ങളായി ആന ജനവാസ മേഖലയിലേക്കിറങ്ങുന്നതും അക്രമ സ്വഭാവം കാണിക്കുന്നതും ആശങ്കക്ക് ഇടയാക്കുന്നുണ്ട്. ആനയുടെ പ്രായാധിക്യത്തെ തുടർന്നുള്ള അവശതകളും അക്രമത്തിലേക്ക് നയിക്കുന്നതായാണ് സംശയം.