ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ കാട്ടാന വൈദ്യുതി ആഘാതമേറ്റ് ചെരിഞ്ഞു. ആദിവാസി പുനരധിവാസ മേഖലയായ 301 കോളനിക്ക് സമീപമാണ് 45 വയസ് പ്രായമുള്ള പിടിയാന ചെരിഞ്ഞത്. 2017ന് ശേഷം ഇതു വരെ മൂന്ന് കാട്ടാനകളാണ് ചിന്നക്കനാൽ മേഖലയിൽ വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞത്.
വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് കാട്ടാനകൾ കൃഷിയിടത്തിലിറങ്ങുന്നത് തടയാൻ നിരവധി വൈദ്യുത വേലികൾ സ്ഥാപിച്ചിട്ടുണ്ട്. ഈ വൈദ്യുത വേലിയിൽ കൂടി കടത്തിവിടുത്ത വൈദ്യുതപ്രവാഹത്തിൻ്റെ അളവ് വർധിപ്പിച്ചതാണ് കാട്ടാനയുടെ ജീവൻ അപകടത്തിലാക്കിയത് എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.
ഇടുക്കി ചിന്നക്കനാലിൽ കാട്ടാന വൈദ്യുതി ആഘാതമേറ്റ് ചെരിഞ്ഞു സംഭവത്തിൽ വനം വകുപ്പ് അന്വേഷണമാരംഭിച്ചതായി ചിന്നക്കനാൽ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി ശ്രീകുമാർ പറഞ്ഞു. ആന ചെരിഞ്ഞതിന് സമീപത്ത് താമസിക്കുന്ന പാൽക്കുളം കുടിയിൽ സുരേഷിനെതിരെയും വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. വൈദ്യതി ആഘാതമേറ്റതിന് സമീപത്ത് നിന്ന് കണ്ടെത്തിയ കമ്പികളുടേയും മറ്റും ബാക്കി ഭാഗം സുരേഷിൻ്റെ വീട്ടിൽ നിന്നും കണ്ടെത്തിയതിനാലാണ് ഇയാൾക്കെതിരെയും അന്വേഷണം നടത്തുന്നത്.
വനം വകുപ്പ് വെറ്ററിനറി സർജൻ്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി ആനയുടെ ജഡം സംസ്‌കരിക്കും. ചെരിഞ്ഞ പിടിയാനയോടൊപ്പം 2 വയസുള്ള കുട്ടിയാന ഉൾപ്പെടെ 6 ആനകൾ വേറെയുമുണ്ടായിരുന്നു. ആനക്കൂട്ടം 301 കോളനിക്കു സമീപം നിലയുറപ്പിച്ചിട്ടുണ്ട്.
Also read: പീച്ചി വനമേഖലയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി