ഇടുക്കി: രണ്ട് പതിറ്റാണ്ടിനിടെ ഇടുക്കിയില്‍ കാട്ടാനക്കലിയിൽ പൊലിഞ്ഞത് 39 ജീവനുകൾ. കഴിഞ്ഞ ദിവസം ആനയിറങ്കലിന് സമീപം കാട്ടാന ആക്രമണത്തെ തുടര്‍ന്ന് ബൈക്ക് യാത്രിക കൊല്ലപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കാട്ടാനശല്യം മൂലം മേഖലയിലെ കൃഷിയിടങ്ങളില്‍ വന്‍ നാശനഷ്‌ടങ്ങളാണ് കര്‍ഷകര്‍ നേരിടുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് യാതൊന്നും ചെയ്യുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
കാട്ടാനയ്ക്കടിയില്‍പ്പെട്ട ജീവനുകള്‍
വെള്ളിയാഴ്‌ച രാവിലെ അഞ്ചരയോടെ ആനയിറങ്കൽ എസ് വളവില്‍ വച്ചാണ് കാട്ടാന ആക്രമണത്തിൽ ചട്ടമൂന്നാർ സ്വദേശി വിജി കുമാർ കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിലെ ബന്ധുവീട്ടിൽ പോയ ശേഷം തിരികെ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലൂടെ മൂന്നാറിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം ഉണ്ടായത്.
അടങ്ങാത്ത കാട്ടാനക്കലി; ഇടുക്കിയില്‍ രണ്ട് പതിറ്റാണ്ടിനിടെ പൊലിഞ്ഞത് 39 ജീവനുകൾ ഇരുചക്ര വാഹനത്തിൽ വളവ് തിരിഞ്ഞെത്തിയ ഇരുവരും റോഡിൽ നിലയുറപ്പിച്ചിരുന്ന ഒറ്റയാന്‍റെ മുന്നില്‍പ്പെടുകയായിരുന്നു. വിജിയുടെ ഭർത്താവ് കുമാർ നിസാര പരുക്കുകളോടെ രക്ഷപെട്ടു. ഇവര്‍ക്ക് പിന്നിലായെത്തിയ വാഹനത്തിലുള്ളവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അടങ്ങാത്ത കാട്ടാനക്കലി
മേഖലയിൽ 2002 മുതൽ ഇതുവരെ 39 ജീവനുകളാണ് കാട്ടാന ആക്രമണത്തെ തുടര്‍ന്ന് പൊലിഞ്ഞത്. ഉടുമ്പൻചോല താലൂക്കിലെ തമിഴ്‌നാടിനോട് ചേർന്ന് കിടക്കുന്ന നെടുങ്കണ്ടം, ശാന്തൻപാറ, ഉടുമ്പൻചോല, ചിനക്കനാൽ പഞ്ചായത്തുകളിലാണ് കാട്ടാനശല്യം രൂക്ഷം. ഒരു മാസം മുമ്പ് പൂപ്പാറയിൽ ഒരു സ്‌ത്രീയെ കാട്ടാന ചവിട്ടി കൊലപ്പെടുത്തിയിരുന്നു. കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് നിരവധി പേരാണ് ജീവച്ഛവമായി കഴിയുന്നത്.
ഉടുമ്പൻചോല, ശാന്തൻപാറ പഞ്ചായത്തുകളിലെ അതിർത്തി മേഖലകളിൽ കഴിഞ്ഞ ആറ് മാസത്തിനിടെ ലക്ഷക്കണക്കിന് രൂപയുടെ കൃഷിവിളകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. കാട്ടാനയുടെ ശല്യം മൂലം നിരവധി കർഷകരാണ് കൃഷി തന്നെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായത്.
മഴക്കെടുതിയും കാട്ടാന ആക്രമണവും തുടർക്കഥയായതോടെ ഭീതിയിയോടെയാണ് നാട്ടുകാർ ഓരോ ദിവസവും തള്ളി നീക്കുന്നത്. തമിഴ്‌നാട് വനമേഖലയിൽ നിന്നും എത്തുന്ന കാട്ടാനകൾ അതിർത്തി കടക്കാൻ അനുവദിക്കാതെ ട്രഞ്ച് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ നിർമിച്ച് ജനങ്ങളെ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read more: കാട്ടാനയുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം