ഇടുക്കി: ശാന്തന്‍പാറ പഞ്ചായത്തിലെ പൂപ്പാറ മേഖലയില്‍ കാട്ടാന ശല്യം അതിരൂക്ഷം. പകല്‍ സമയത്ത് പുതുപ്പാറ വിലക്ക് ഭാഗത്തെ റോഡില്‍ കാട്ടാന ഇറങ്ങിയത് സഞ്ചാരികളെ പരിഭ്രാന്തിയിലാക്കി. കാട്ടാന ഏറെ നേരം റോഡില്‍ നിലയുറപ്പിച്ച ശേഷമാണ് പിന്‍വാങ്ങിയത്. കൂടാതെ ഏക്കറ് കണക്കിന് ഏലം കൃഷിയും മേഖലയില്‍ കാട്ടാനക്കൂട്ടം ചവിട്ടി നശിപ്പിച്ചു.
വിലക്ക് ഭാഗം, ചന്തപ്പാറ, പുതുപ്പാറ തുടങ്ങിയ മേഖലകളില്‍ കാട്ടാനകള്‍ കൃഷി നശിപ്പിക്കുന്നത് പതിവാണ്. ലക്ഷങ്ങളുടെ നാശനഷ്‌ടമാണ് ഓരോ ആഴ്‌ചയും കാട്ടാന ആക്രമണം മൂലം സംഭവിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. കാട്ടാനപ്പേടിയില്‍ തോട്ടങ്ങളില്‍ പണിയ്ക്ക് ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.
നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് മൂന്ന് വാച്ചര്‍മാരെ പട്രോളിങ്ങിനായി നിയമിച്ചിട്ടുണ്ടെങ്കിലും കാട്ടാന ഭയത്താല്‍ അവർ ഈ മേഖലയിലെ തോട്ടങ്ങളില്‍ ജോലിക്കെത്താറില്ലെന്ന് നാട്ടുകാർ പറയുന്നു. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചെങ്കിലും ദേശീയപാത നിര്‍മാണത്തിന്‍റെ ഭാഗമായി നീക്കം ചെയ്തിരുന്നു. എന്നാല്‍ അവ പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ നടപടി കൈക്കൊണ്ടിട്ടില്ല.