ഇടുക്കി: ഉടുമ്പന്‍ചോലയില്‍ കാട്ടാന ആക്രമണത്തില്‍ വ്യാപക കൃഷി നാശം. നമരിയിലെ മൂന്ന് ഏക്കറോളം ഏലത്തോട്ടമാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. തമിഴ്‌നാട് വനമേഖലയില്‍ നിന്ന് എത്തിയ കാട്ടാനകള്‍ ദിവസങ്ങളായി പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്.
ഇടുക്കിയില്‍ കാട്ടാന ശല്യം രൂക്ഷം: മൂന്ന് ഏക്കര്‍ ഏലകൃഷി ആനക്കൂട്ടം നശിപ്പിച്ചു - ഉടുമ്പന്‍ ചോല കാട്ടാന ആക്രമണം
തമിഴ്‌നാട് വനമേഖലയില്‍ നിന്ന് എത്തിയ കാട്ടാനകള്‍ ദിവസങ്ങളായി പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്
കഴിഞ്ഞ ദിവസം നമരിയിലെ ഏലത്തോട്ടത്തില്‍ എത്തിയ ആനകള്‍ ഏല ചെടികള്‍ ചവിട്ടി നശിപ്പിക്കുകയും പിഴുത് കളയുകയും ചെയ്‌തു. നൂറ് കണക്കിന് ഏല ചെടികളാണ് കാട്ടാന ആക്രമണത്തില്‍ നശിച്ചത്. ആന ശല്യം രൂക്ഷമായതോടെ കൃഷിയിടങ്ങളില്‍ ജോലികള്‍ ചെയ്യാനാവാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.
തമിഴ്‌നാട് അതിര്‍ത്തി വനമേഖലയോട് ചേര്‍ന്ന ജനവാസ കേന്ദ്രങ്ങളായ നമരി, മാന്‍കുത്തിമേട്, കേണല്‍കാട്, വി.ടി എസ്റ്റേറ്റ്, ചതുരംഗപ്പാറ പ്രദേശങ്ങളിലും ആന ശല്യം രൂക്ഷമാണ്. ലക്ഷക്കണക്കിന് രൂപ മുടക്കി സ്ഥാപിച്ചിരിക്കുന്ന ജല വിതരണ സംവിധാനങ്ങള്‍ ഉള്‍പ്പടെയുള്ളവ കാട്ടാന ആക്രമണത്തില്‍ തുടര്‍ച്ചയായി നശിക്കുന്നതിനാല്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്.