ഇടുക്കി:കനത്ത കാറ്റും മഴയും വീശിയടിക്കുമ്പോൾ കാട്ടാന ആക്രമിക്കുമോയെന്ന ഭീതിയിലാണ് സിംഗുകണ്ടത്തെ കര്‍ഷകർ. നാളുകളായി ഇവിടത്തെ ജനങ്ങൾ കാട്ടാന ശല്യത്തിൽ പൊറുതിമുട്ടിയാണ് ജീവിക്കുന്നത്. ഇടുക്കി ചിന്നക്കനാലിന് സമീപമുളള സിംഗുകണ്ടം മേഖലയില്‍ മൂന്നൂറിലധികം വരുന്ന കുടിയേറ്റ കര്‍ഷകരാണ് താമസിക്കുന്നത്.
കനത്ത മഴയ്‌ക്കൊപ്പം കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി സിംഗുകണ്ടത്തെ കര്‍ഷകർ കാറ്റും മഴയും നാശം വിതയ്‌ക്കുന്നതിനൊപ്പമാണ് കാട്ടാന കൂട്ടം കൃഷിയിടങ്ങളില്‍ തമ്പടിച്ച് വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ പതിനഞ്ചോളം കര്‍ഷകരുടെ ഏക്കറ് കണക്കിന് കൃഷിയാണ് കാട്ടാന കൂട്ടം നശിപ്പിച്ചത്. ഏലം, കുരുമുളക്, കാപ്പി അടക്കമുള്ള വിളകളാണ് വ്യാപകമായി നശിപ്പിച്ചത്.
മേഖലയിലെ കര്‍ഷകര്‍ക്ക് പട്ടയം നല്‍കിയിട്ടില്ലാത്തതിനാല്‍ കൃഷി നാശമുണ്ടായാല്‍ സര്‍ക്കാര്‍ സഹായങ്ങളും ഇവര്‍ക്ക് ലഭിക്കാറില്ല. ഇവിടെ നിന്നും കർഷകരെ കുടിയൊഴിപ്പിക്കാന്‍ റവന്യു വകുപ്പും, വനം വകുപ്പും നടത്തുന്ന ആസൂത്രിത നീക്കമാണ് ഇതെന്നും, അതിനുവേണ്ടി മറ്റിടങ്ങളില്‍ നില്‍ക്കുന്ന കാട്ടാന കൂട്ടത്തെ ജനവാസ മേഖലകളിലേക്ക് വാച്ചര്‍മാരെ ഉപയോഗിച്ച് എത്തിക്കുകയാണെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. കാട്ടാന കൂട്ടം ഏക്കർ കണക്കിന് കൃഷി നശിപ്പിച്ചിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല എന്നാണ് കർഷകരുടെ പരാതി.
കഴിഞ്ഞ ഒരാഴ്‌ചയായി രാത്രിയിൽ കാട്ടാനകള്‍ ജനവാസ മേഖലയില്‍ തമ്പടിക്കുന്ന അവസ്ഥയാണ്. കര്‍ഷകരുടെ ജീവന് സംരക്ഷണം നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ വനം വകുപ്പ് കര്‍ഷകര്‍ വിളിച്ച് അറിയിച്ചിട്ടും നാളിതുവരെ ഇവിടേക്ക് എത്തിയിട്ടില്ല.