ഇടുക്കി:ആനയിറങ്കൽ ഡാമിന്‍റെ വൃഷ്‌ടി പ്രദേശത്തോട് ചേർന്നു കിടക്കുന്ന ചിന്നക്കനാൽ മുത്തമ്മാൾ കോളനിയില്‍ കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞദിവസം എത്തിയ കാട്ടാനക്കൂട്ടം ഏക്കറുകണക്കിന് ഏലം കൃഷി നശിപ്പിച്ചു. തോട്ടം തൊഴിലാളിയായ മല്ലികയും ഭർത്താവ് നിരൈപാണ്ടിയും കാട്ടാന അക്രമണത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴക്കാണ്. മൂന്നാറിലേക്ക് പോകുകയായിരുന്ന മല്ലികയെയും ഭര്‍ത്താവിനെയും റോഡരികിൽ നിന്ന കാട്ടാന അക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടുന്നതിനിടയിൽ മല്ലിക നിലത്ത് വീണെങ്കിലും സമീപത്തെ വേലിക്കുള്ളിൽ കയറി രക്ഷപ്പെടുകയായിരുന്നു.
ചിന്നക്കനാൽ മുത്തമ്മാൾ കോളനിയിൽ കാട്ടാനശല്യം രൂക്ഷം - ഇടുക്കി പ്രാദേശിക വാര്‍ത്തകള്‍
കഴിഞ്ഞ ദിവസം തോട്ടം തൊഴിലാളി കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്കാണ്.
പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന കാട്ടാനകൾ മികച്ച രീതിയിൽ വിളവ് ലഭിച്ചിരുന്ന ഏലം കൃഷി പൂർണമായും നശിപ്പിച്ചു. വനപാലകരെ വിവരമറിയിച്ചിട്ടും തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ പരാതി പറയുന്നു. ഏലത്തോട്ടങ്ങളിൽ ജോലിക്ക് പോകാൻ പോലും തൊഴിലാളികൾ ഭയക്കുകയാണ്. കുട്ടികളെയടക്കം പുറത്തിറക്കാതെ വലിയ ഭീതിയോടെയാണ് തൊഴിലാളി കുടുംബങ്ങൾ കഴിഞ്ഞ് കൂടുന്നത്. കടം വാങ്ങിയും വായ്‌പയെടുത്തും നടത്തിയ കൃഷി കാട്ടാന നശിപ്പിച്ചതോടെ കടുത്ത പ്രതിസന്ധിയിലാണ് കർഷകർ. മാസങ്ങളായി തുടരുന്ന കാട്ടാന ശല്യത്തിന് പരിഹാരം കാണാൻ വനംവകുപ്പ് അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്നും അല്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകുമെന്നും കർഷകർ പറഞ്ഞു.