ഇടുക്കി: മാങ്കുളം വിരിഞ്ഞപാറ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനകള്‍ വാഴയുള്‍പ്പെടെയുള്ള കൃഷികൾ വ്യാപകമായി നശിപ്പിച്ചു. ജനവാസ മേഖലയിലേക്ക് കാട്ടാന പ്രവേശിക്കുന്ന വഴിയില്‍ കിടങ്ങോ വൈദ്യുതി വേലിയോ നിര്‍മിക്കണമെന്നും കൃഷിനാശത്തിന് അർഹമായ നഷ്ട പരിഹാരം വേണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
ഇടുക്കിയിലെ മങ്കടയിൽ കാട്ടാന ശല്യം വീണ്ടും രൂക്ഷമാകുന്നു
കാട്ടാനകൾ ജനവാസമേഖലയിലേക്ക് പ്രവേശിക്കുന്നതിൽ നിന്നും തടയുന്നതിനായി കിടങ്ങുകളും വൈദ്യുതി വേലിയും നിർമിക്കണമെന്ന് പ്രദേശവാസികൾ പറയുന്നു.
പാറയില്‍ നിധിന്‍ പിറ്ററിന്‍റെ കൃഷിയിടത്തില്‍ കൂട്ടുകൃഷിയായി പരിപാലിച്ച് പോന്നിരുന്ന ഞാലിപ്പൂവന്‍ വാഴകളാണ് കാട്ടാനകൾ നശിപ്പിച്ചത്. കുറത്തിക്കുടി മേഖലയില്‍ നിന്നും ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്ന ആനകളാണ് ഇവിടെ നഷ്ടം വരുത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കാട്ടാനകളുടെ സ്ഥിര സാന്നിധ്യമുണ്ടെന്നും നാട്ടുകാർ പറയുന്നു.
പ്രദേശത്തെ മറ്റ് കര്‍ഷകരുടെ കൃഷിയിടങ്ങളിലും കാട്ടാനകള്‍ നഷ്ടം വരുത്തിയിട്ടുണ്ട്. കാട്ടാന ശല്യം രൂക്ഷമായതോടെ ജീവനില്‍ ഭയന്നാണ് കുടുംബങ്ങള്‍ കഴിഞ്ഞു കൂടുന്നത്. കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കൊപ്പം കാട്ടാന ആക്രമണത്തില്‍ വിളനാശം കൂടിയായാല്‍ മുമ്പോട്ട് പോകാനാവാത്ത സാഹചര്യമുണ്ടാകുമെന്ന് കര്‍ഷകര്‍ പറയുന്നു. ആനകള്‍ ജനവാസമേഖലയിലേക്ക് പ്രവേശിക്കാതിരിക്കാന്‍ വനംവകുപ്പിന്‍റെ ഫലപ്രദമായ ഇടപെടലെന്ന ആവശ്യവും പ്രദേശവാസികള്‍ മുമ്പോട്ട് വയ്ക്കുന്നു.