ഇടുക്കി : കാട്ടാനകളെ ഭയന്ന് ടെറസിന് മുകളിൽ കുടില്‍ കെട്ടി കാവലിരിക്കേണ്ട ദുരവസ്ഥയിലാണ് ചിന്നക്കനാലിലെ ആദിവാസി കുടുംബങ്ങള്‍. വന്യജീവികളെ ഭയന്ന് ഉറക്കം നഷ്ടപ്പെട്ട് പേടിയോടെയാണ് മുന്നൂറ്റിയൊന്ന് കോളനിക്കാര്‍ ഓരോ ദിവസവും തള്ളി നീക്കുന്നത്.
വീടിനുചുറ്റും തീ കത്തിച്ച് പ്രതിരോധം തീര്‍ത്താണ് ആനയുടെ ആക്രമണത്തില്‍ നിന്നും രക്ഷ നേടുന്നത്. വന്യജീവി പ്രതിരോധത്തിനായി ഓരോ ബജറ്റിലും സര്‍ക്കാര്‍ കോടികള്‍ മാറ്റിവയ്ക്കുമ്പോഴാണ് ചിന്നക്കനാല്‍ മുന്നൂറ്റിയൊന്ന് കോളനിക്കാര്‍ക്ക് ഈ ദുര്‍ഗതി.
കോളനിയില്‍ വന്യജീവി പ്രതിരോധത്തിനായി ഫെന്‍സിംഗോ ട്രഞ്ചുകളോ നിര്‍മിക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണം. ആദിവാസികളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ് വനംവകുപ്പെന്ന് നാട്ടുകാരി വിജി പറയുന്നു.
വന്യജീവി ഭീതിയില്‍ ഉറക്കം നഷ്ടമായി ചിന്നക്കനാല്‍ മൂന്നൂറ്റിയൊന്ന് കോളനിയിലെ കുടുംബങ്ങള്‍ ; നടപടിയെടുക്കാതെ വനംവകുപ്പ് Also Read: വയോധികനെ കാട്ടാന കൊന്നത് അതിക്രൂരമായി: ഇടുക്കിയില്‍ 10 വര്‍ഷത്തിനിടെ 40ഓളം മരണം
കാട്ടാനയെത്തിയാല്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നാണ് വനംവകുപ്പിന്‍റെ നിലപാട്. നിരീക്ഷണത്തിന് ഇരുപത്തി നാല് മണിക്കൂറും വാച്ചർമാരെ നിയോഗിച്ചിട്ടുണ്ടെന്ന് വനം വകുപ്പ് പറയുമ്പോഴും ആനയുള്ളപ്പോള്‍ ഇവിടേക്ക് ആരും എത്താറില്ല. ആദിവാസികളെ കുടിയൊഴിപ്പിച്ച് ഇവിടം വനമാക്കാന്‍ വനം വകുപ്പ് മുമ്പ് നീക്കം നടത്തിയിരുന്നു.
ഇത് വിവാദമായതോടെ ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാട്ടാന ശല്യത്തിനെതിരെ നടപടിയെടുക്കാതെ ആദിവാസികള്‍ കുടിയൊഴിയട്ടെയെന്ന നിലപാടിലാണ് ഉദ്യോഗസ്ഥരെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കുമെന്ന് ജില്ല ഭരണകൂടം ഉറപ്പ് പറഞ്ഞിരുന്നെങ്കിലും ജലരേഖയായി.