ഇടുക്കി: മഴയെ തുടര്‍ന്ന് ദേശീയ പാതകളിലും അന്തര്‍സംസ്ഥാന പാതകളിലും തുടര്‍ച്ചയായി മണ്ണിടിച്ചില്‍ ഉണ്ടായ സാഹചര്യത്തില്‍ മൂന്നാര്‍ ഒറ്റപ്പെടുമെന്ന ആശങ്കയില്‍ പ്രദേശവാസികള്‍. കാലവര്‍ഷം ശക്തമായതോടെ മൂന്നാറില്‍ വന്‍ തോതിലാണ് മണ്ണിടിച്ചിലുണ്ടാകുന്നത്. ദേശീയപാതകളിലും അന്തര്‍സംസ്ഥാന പാതകളിലും തുടര്‍ച്ചയായി ഉണ്ടാകുന്ന മണ്ണിടിച്ചിൽ മൂന്നാറിലേക്കുള്ള വാഹന ഗതാഗതം പ്രതിസന്ധിയിലാക്കി.
കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചിരിക്കുകയാണ്. നിലവില്‍ മൂന്നാറില്‍ നിന്നും ആനച്ചാല്‍ കുഞ്ചുതണ്ണി വഴിയാണ് തമിഴ്‌നാട്ടിലേക്ക് തൊഴിലാളികള്‍ പോകുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഹെഡ്‌വര്‍ക്‌സ് ജലാശയത്തിന് സമീപത്തെ റോഡിന്‍റെ ഒരുഭാഗം പൂര്‍ണമായി താഴ്‌ന്നുപോയി.