ഇടുക്കി: 'മരം നട്ടാൽ ജലം ലഭിക്കും'.. 'മരം ഒരു വരം'.. എന്നൊക്കെ ചെറിയ ക്ലാസുകളിൽ നാം പഠിച്ചിട്ടുണ്ട്. എന്നാൽ ഇടുക്കി നെടുങ്കണ്ടം മാവടിയിൽ പാതയോരത്തെ മരം ജലം മാത്രമല്ല ജലസംഭരണി തന്നെ നാട്ടുകാർക്കായി സമ്മാനിച്ചിരിക്കുകയാണ്. കാഴ്‌ചക്കാർക്കും ഏറെ കൗതുകമായി മാറിയിരിക്കുകയാണ് മാവടി കൈലാസം റോഡിലെ ഈ ജലസംഭരണി.
റോഡരികിലെ ഈ മരവും മര മുകളിലെ ജലസംഭരണിയുമാണ് ജലക്ഷാമം രൂക്ഷമായ മാവടിയിലെത്തുന്നവരുടെ കൗതുകമുണർത്തുന്ന ചർച്ചാ വിഷയം. മാവടി സ്വദേശിയായ കെ റ്റി തങ്കച്ചനാണ് ഈ കൗതുകത്തിൻ്റെ കാരണക്കാരൻ. തൻ്റെ വീടിന് മുൻപിൽ റോഡരികിലായി 15 വർഷങ്ങൾക്ക് മുൻപാണ് വാകമരം ചെറു ശിഖരങ്ങൾ വീശിത്തുടങ്ങിയത്. ഈ സമയം കടുത്ത ജലക്ഷാമം നേരിടുന്ന മേഖലയായിരുന്നു മാവടി.
ഒന്നര കിലോമീറ്റർ അകലെയുള്ള മലയടിവാരത്ത് നിന്നും എത്തിക്കുന്ന വെള്ളം ശേഖരിക്കുന്നതിനായി ടാങ്ക് വാങ്ങിയെങ്കിലും അത് ഉറപ്പിച്ച് വയ്ക്കുവാൻ ഉചിതമായ സ്ഥലമില്ലായിരുന്നു. അപ്പോഴാണ് ചില്ല വീശിയ വാകമരം ശ്രദ്ധയിൽ പെടുന്നത്. അങ്ങനെയാണ് തങ്കച്ചൻ മരത്തിൻ്റെ ശിഖരത്തിനിടയിൽ 500 ലിറ്റർ ടാങ്ക് ഉറപ്പിച്ചത്.