ഇടുക്കി:ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. 2,354.74 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നിലവില്‍ 22 അടിയോളം ജലനിരപ്പ് കുറവാണ് ഇടുക്കി അണക്കെട്ടില്‍.
നിലവിലെ അളവില്‍ വൈദ്യുതി ഉത്‌പാദിപ്പിക്കുകയാണെങ്കില്‍ രണ്ടു മാസത്തേക്കുള്ള വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 2,376.24 അടിയായിരുന്നു ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 71 ശതമാനം വെള്ളം കഴിഞ്ഞ വര്‍ഷം അണക്കെട്ടില്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഇപ്പോഴുള്ളത് 49.50 ശതമാനത്തോളം വെള്ളമാണ്. ജലനിരപ്പ് 2,199 അടിയോട് അടുത്താല്‍ മൂലമറ്റത്ത് വൈദ്യുതി ഉത്‌പാദനം നിര്‍ത്തേണ്ടി വന്നേക്കും. ഇത് കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് കാരണമാകും.
670 ലിറ്ററോളം വെള്ളമാണ് മൂലമറ്റത്ത് ഒരു യൂണിറ്റ് വൈദ്യുതി ഉത്‌പാദിപ്പിക്കാന്‍ വേണ്ടത്. തുലാവര്‍ഷം ചതിച്ചതാണ് ജലനിരപ്പ് വേഗത്തില്‍ കുറയാനുണ്ടായ പ്രധാന കാരണം. കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ ഈ ദിവസം വരെ 3,287 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. എന്നാല്‍ ഇത്തവണ കിട്ടിയത് 3,743 മില്ലിമീറ്റര്‍. അതായത് 456 മില്ലിമീറ്ററിന്‍റെ കുറവ്.
നിലവില്‍ അഞ്ചു ദശലക്ഷം യൂണിറ്റോളം വൈദ്യുതി മാത്രമാണ് ഉത്‌പാദിപ്പിക്കുന്നത്. ചൂടു കൂടിയതിനാല്‍ ഉപഭോഗവും വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഉത്‌പാദനം കൂട്ടിയാല്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ണമായി നിര്‍ത്തി വയ്‌ക്കേണ്ടി വരുമെന്നാണ് കെഎസ്‌ഇബിയുടെ ആശങ്ക.