ഇടുക്കി:അടിമാലി മച്ചിപ്ലാവിൽ ലൈഫ് പദ്ധതി പ്രകാരം പണികഴിപ്പിച്ച ഫ്ലാറ്റിൽ കുടിവെള്ള ക്ഷാമം രൂക്ഷം. ഫ്ലാറ്റിൽ ജലവിതരണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ശുദ്ധജലം ലഭ്യമല്ല. പാർപ്പിട സമുച്ചയത്തിൽ നിന്ന് ലഭിക്കുന്ന വെള്ളത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നതായി പരാതിയുണ്ട്. അതിനാൽ വസ്ത്രങ്ങൾ കഴുകാനും ശുചിമുറി ആവശ്യങ്ങൾക്കും മാത്രമാണ് വെള്ളം ഉപയോഗിക്കുന്നത്.
അടിമാലിയിലെ ലൈഫ് പദ്ധതി ഭവനങ്ങളിൽ ജലക്ഷാമം രൂക്ഷം
കഴിഞ്ഞ എട്ട് മാസമായി തങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയിലാണ് ഫ്ലാറ്റിലെ താമസക്കാരായ കുടുംബങ്ങൾ
ഭക്ഷണം പാകം ചെയ്യാനും കുടിക്കാനുമെല്ലാം വെള്ളം പുറത്തു നിന്നാണ് എത്തിക്കുന്നത്. ഫ്ലാറ്റിന് സമീപത്തെ വീടുകളിൽ നിന്നും കുളങ്ങളിൽ നിന്നും തലചുമടായി വെള്ളം എത്തിക്കുകയാണ് പല കുടുംബങ്ങളും. വേനൽ ആരംഭിച്ചതോടെ ജലസ്രോതസുകൾ വറ്റി വരണ്ടുതുടങ്ങി. അതിനാൽ അയൽവീടുകളിൽ നിന്നും കുടിവെള്ളം ലഭ്യമാകാത്ത സ്ഥിതിയാണെന്നും താമസക്കാരായ കുടുംബങ്ങൾ പറയുന്നു.
പാര്‍പ്പിട സമുച്ചയത്തിലെ കുടിവെള്ള പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടതായും പരിഹാരം കാണുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.പി വർഗീസ് പറഞ്ഞു. ഫ്ലാറ്റിലെ മലിനജല സംസ്‌കരണം കൃത്യമല്ലെന്ന പരാതിയും കുടുംബങ്ങൾ മുന്നോട്ട് വെക്കുന്നു. അതേസമയം ഉദ്‌ഘാടന വേളയിൽ വീടുകൾ കൈപ്പറ്റിയ പല കുടുംബങ്ങളും സാഹചര്യവുമായി ഒത്തുപോകാനാകാതെ ഭവനം തിരികെ നൽകി പദ്ധതിയിൽ നിന്നും ഒഴിവായതായും സൂചനയുണ്ട്.