ഇടുക്കി: ജില്ലയില്‍ ശക്തമായ മഴയ്‌ക്ക് കുറവുണ്ടെങ്കിലും നീരൊഴുക്ക് തുടരുന്നതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. ശനിയാഴ്‌ച രാവിലെ എട്ട് മണിക്ക് ജലനിരപ്പ് 133.90 അടി രേഖപ്പെടുത്തി. വെള്ളിയാഴ്‌ച രാത്രിയോടെ ജലനിരപ്പ് 132.60 അടിയായതിനെ തുടര്‍ന്ന് ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. വെള്ളിയാഴ്‌ചയോടെ മഴയുടെ ശക്തി കുറഞ്ഞെങ്കിലും അണക്കെട്ടിലേക്ക് ശക്തമായ നീരോഴുക്ക് തുടരുകയാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു - water level rises
ഇന്ന് രാവിലെ രേഖപ്പെടുത്തിയത് 133.90 അടി ജലനിരപ്പ്. മഴയുടെ ശക്തി കുറഞ്ഞെങ്കിലും നീരൊഴുക്ക് വര്‍ധിക്കുന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണം.
ഇന്ന് രാവിലെ മുതല്‍ അണക്കെട്ടിന്‍റെ വൃഷ്‌ടി പ്രദേശത്തടക്കമുള്ള പ്രദേശങ്ങളില്‍ ഇടക്കിടക്ക് പെയ്യുന്ന മഴ നീരൊഴുക്ക് വീണ്ടും ശക്തമാക്കാന്‍ സാധ്യതയുണ്ട്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഇന്ന് വൈകിട്ടോടെ ജലനിരപ്പ് 135 അടി പിന്നിടുമെന്നാണ് വിലയിരുത്തല്‍. മഴ ശക്തിപ്പെട്ടാല്‍ ജലനിരപ്പ് അതിവേഗം കുതിച്ചുയരുമെന്ന ആശങ്കയുമുണ്ട്. നിലവിൽ കരകവിഞ്ഞൊഴുകുന്ന പെരിയാറിലേക്ക് മുല്ലപ്പെരിയാര്‍ അണക്കെട്ട് കൂടി തുറന്നു വിട്ടാൽ വണ്ടിപ്പെരിയാർ, ഉപ്പുതറ പ്രദേശങ്ങള്‍ക്ക് പുറമേ കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകും.