കേരളം

kerala

ETV Bharat / state

ആശങ്കയൊഴിഞ്ഞ് പെരിയാറിന്‍റെ തീരമേഖലകള്‍ ; ജലനിരപ്പ് ഉയരാത്തത് ആശ്വാസം

മഴയില്ലാത്തതും വേലിയിറക്കവുമെല്ലാം അനുകൂലമായതാണ് ജലനിരപ്പ് കൂടുതല്‍ ഉയരാത്തതിന്‍റെ കാരണം

idamalayar daidukki dam  periyar  dam opening  ഇടുക്കി ഡാം  ഇടമലയാർ ഡാം  വേലിയിറക്കം  വേലിയേറ്റം
ആശങ്കയൊഴിഞ്ഞ് പെരിയാറിന്‍റെ തീരപ്രദേശങ്ങൾ; ജലനിരപ്പ് ഉയരാത്തത് ആശ്വാസം

By

Published : Oct 19, 2021, 8:37 PM IST

എറണാകുളം : ഇടുക്കി, ഇടമലയാർ ഡാമുകളിൽ നിന്ന് ഒഴുക്കി വിട്ട വെള്ളം പെരിയാറിലൂടെ ഒഴുകിയെത്തി ജലനിരപ്പ് ഉയരുമെന്ന ആശങ്കയിലായിരുന്നു ഈ മേഖലകളിലുള്ളവര്‍. എന്നാൽ ഇടമലയാറിൽ നിന്നും രാവിലെ ആറിന് രണ്ട് ഷട്ടറുകൾ തുറന്ന് ഒഴുക്കിയ ജലം ഭൂതത്താൻകെട്ടും മലയാറ്റൂരും കാലടിയും പിന്നിട്ട് നദിയിലെത്തിയെങ്കിലും ജലനിരപ്പ് ഉയരാത്തത് ആശ്വാസമായി.

മഴയില്ലാത്തതും വേലിയിറക്കവുമെല്ലാം അനുകൂലമായതാണ് ജലനിരപ്പ് ഉയരാത്തതിന് കാരണമായത്. ഇടുക്കി ഡാമില്‍ നിന്നുള്ള വെള്ളം വൈകുന്നേരം 5.30നാണ് നേര്യമംഗലം പാലം കടന്നത്. ഏഴ് മണിയോടെ വെള്ളം ഭൂതത്താന്‍കെട്ടിലെത്തിയെങ്കിലും അഞ്ച് സെന്‍റീമീറ്ററിന്‍റെ വ്യത്യാസം മാത്രമാണ് ജലനിരപ്പിൽ ഉണ്ടായത്.

ഈ വെള്ളം പെരിയാറിലെ കാലടി, ആലുവ ഭാഗങ്ങളിലെത്തുന്നത് രാത്രി 12ന് ശേഷമായിരിക്കും. ഇന്ന് വൈകിട്ട് 5.10 മുതല്‍ നാളെ പുലര്‍ച്ചെ 12.40 വരെ വേലിയേറ്റ സമയമാണ്. 12.40 മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ വേലിയിറക്കമായിരിക്കും.

ഇടുക്കിയില്‍ നിന്നുള്ള വെള്ളം കാലടി, ആലുവ ഭാഗത്ത് ഒഴുകി എത്തുന്ന സമയത്ത് വേലിയിറക്കമായതിനാല്‍ വെള്ളം കാര്യമായ പ്രശ്‌നങ്ങളില്ലാതെ ഒഴുകിപ്പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read: കനത്ത മഴക്ക് സാധ്യത; അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

എന്നാൽ ജാഗ്രത കൈവിടാറായിട്ടില്ലന്ന് ജില്ല ഭരണകൂടം അറിയിച്ചു. പെരിയാറിൽ അപകട സാഹചര്യം ഉണ്ടാകില്ലെന്ന് ആലുവയിൽ പെരിയാറിന്‍റെ തീരപ്രദേശം സന്ദർശിച്ച വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്‌ണൻകുട്ടി പറഞ്ഞു.

ജലനിരപ്പ് നിരീക്ഷിച്ചുവരികയാണ്. ക്രമാതീതമായാൽ ഇടുക്കിയിൽത്തന്നെ നിയന്ത്രിക്കാനാവും. 100 ക്യുബിക് മീറ്റർ വെള്ളം തുറന്നുവിട്ടതിലൂടെ വൈദ്യുതി വകുപ്പിന് 10 കോടി രൂപയുടെ നഷ്ടമുണ്ടായി. ലോവർ പെരിയാറിൽ ചെളി കയറിയതിനാൽ ഉത്പാദനം നിർത്തിവച്ചിരിക്കുകയാണ്. അതിനാൽ 200 മെഗാവാട്ട് നഷ്‌ടം സംഭവിച്ചുവെന്നും മന്ത്രി പറഞ്ഞു.

ഇടുക്കിയിൽ നിന്നും പുറന്തള്ളിയ ജലം ജില്ലാ അതിർത്തിക്ക് പുറത്തുള്ള കരിമണൽ ഭാഗത്ത് 1.2 മീറ്റർ ജലനിരപ്പിൽ വർധന ഉണ്ടാക്കിയിരുന്നു. പുഴയ്ക്ക് സാമാന്യം വീതിയുള്ള നേര്യമംഗലം ഭാഗത്ത് 30 സെ.മീ ആണ് ജലനിരപ്പിലുണ്ടായ വർധന. എന്നാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ മഴയും തുടർന്നുള്ള നീരൊഴുക്കും സാഹചര്യങ്ങളിൽ മാറ്റം വരുത്തിയേക്കാമെന്നും ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകുന്നു.

അതേസമയം ദുരന്ത നിവാരണ സേന, ഫയർഫോഴ്‌സ്, മത്സ്യത്തൊഴിലാളികൾ എന്നിവർ എല്ലാവിധ തയ്യാറെടുപ്പുകളുമായി വെള്ളപ്പൊക്ക സാധ്യതയുളള പ്രദേശങ്ങളിൽ സജ്ജമാണ്. ചെല്ലാനമുൾപ്പടെയുള്ള തീരപ്രദേശങ്ങളിൽ നിന്നാണ് മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധന ബോട്ടുകളടക്കം രക്ഷാപ്രവർത്തനങ്ങൾക്കായി ആലുവയിലെത്തിച്ചത്. പെരിയാറിലെ ജലനിരപ്പ് അടയാളപ്പെടുത്തുന്ന മാര്‍ത്താണ്ഡവര്‍മ പോയിന്‍റ്, മംഗലപ്പുഴ പോയിന്‍റ്, കാലടി എന്നിവിടങ്ങളിൽ ജലനിരപ്പിൽ വർധനവ് രേഖപ്പെടുത്തിയിട്ടില്ല.

ABOUT THE AUTHOR

...view details