ഇടുക്കി: നെടുങ്കണ്ടം കല്ലാര്‍ ഡാമില്‍ തുടര്‍ച്ചയായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീരദേശവാസികള്‍ ആശങ്കയിൽ. കഴിഞ്ഞ ഒന്നര മാസത്തിനിടെ മൂന്ന് തവണയാണ് തൂക്കുപാലം പാമ്പുമുക്കിലെ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയത്. ചെളിയും വെള്ളവും വീടുകളിലേയ്ക്ക് കയറുന്നതിനാല്‍ പല ഉപകരങ്ങളും ഉപയോഗ ശൂന്യമാകുന്ന അവസ്ഥയാണ് നിലവിൽ. വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി ലക്ഷകണക്കിന് രൂപയുടെ നാശനഷ്‌ടമാണ് ഉണ്ടാകുന്നത്.
കഴിഞ്ഞ ദിവസം അതിശക്തമായ മഴയാണ് കരുണാപുരം ഗ്രാമപഞ്ചായത്തിലെ അതിര്‍ത്തി മേഖലകളായ രാമക്കല്‍മേട്, തൂക്കുപാലം, ചോറ്റുപാറ തുടങ്ങിയ പ്രദേശങ്ങളില്‍ പെയ്‌തത്. മഴയെ തുടർന്ന് ചോറ്റുപാറയില്‍ 60ഓളം കുടുംബങ്ങള്‍ ആശ്രയിച്ചിരുന്ന ഗ്രാമീണ പാതയിലെ പാലം തകര്‍ന്നു.
കൃഷിയിടങ്ങളിൽ മണ്ണും ചെളിയും കല്ലും കയറി വിളകളും നശിച്ചു. കുടിവെള്ള സ്രോതസുകളിലേയ്ക്കും ചെളി വെള്ളം ഇറങ്ങി ഉപയോഗ ശൂന്യമായി. പാമ്പുമുക്ക് സ്വദേശിയായ ചെല്ലമ്മയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന 21ഓളം കോഴികളും വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് ചത്തു.