ഇടുക്കി: നെടുങ്കണ്ടം പൊലീസും എക്സൈസ് സംഘവും നടത്തിയ വ്യത്യസ്ഥങ്ങളായ പരിശോധനകളിൽ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. നെടുങ്കണ്ടം പൊലീസ് നടത്തിയ പരിശോധയിൽ സന്യാസിയോടയിൽ നിന്ന് 200 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളുമാണ് പിടികൂടിയത്. സംഭവത്തിൽ സന്യാസിയോട കണ്ണിശ്ശേരിൽ വീട്ടിൽ മനോജിനെ(47) അറസ്റ്റ് ചെയ്തു. ഇയാളുടെ വീടിനോട് ചേർന്ന് വാറ്റ് കേന്ദ്രം പ്രവർത്തിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.
ബാലൻപിള്ളസിറ്റി ബെംഗ്ലാദേശ് കോളനിയിൽ 280 ലിറ്റർ കോട പിടികൂടി. നെടുങ്കണ്ടം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സെബാസ്റ്റ്യൻ ജോസഫിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കോട പിടികൂടിയത്. തമിഴ്‌നാട് റിസർവ് വനമേഖലയോട് ചേർന്ന മലഞ്ചെരുവിലാണ് കോട സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ പ്രതിക്കായി അന്വേഷണം തുടങ്ങിയതായി എക്‌സൈസ് അറിയിച്ചു.