ഇടുക്കി: റോഡിലിറങ്ങിയ ഒറ്റയാനെ ഇരുചക്ര വാഹനത്തിലിരുന്ന് ശകാരിച്ച് കാട്ടിലേക്ക് തുരത്തിയ വനം വകുപ്പ് വാച്ചർ സമൂഹ മാധ്യമങ്ങളിൽ താരമായി. ആനയിറങ്കൽ സ്വദേശിയായ വനം വകുപ്പ് വാച്ചർ ശക്തിവേൽ ആണ് കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ പൂപ്പാറ മൂലത്തുറയ്ക്കു സമീപം റോഡിലിറങ്ങിയ ഒറ്റയാന്‍റെ തൊട്ടടുത്ത് എത്തി ശകാരിച്ച് കാട്ടിൽ കയറ്റിയത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മുറിവാലന്‍ കൊമ്പൻ എന്ന് വിളിക്കുന്ന ഒറ്റയാൻ റോഡിലിറങ്ങി വാഹന യാത്രക്കാരെ ഭീതിയിലാഴ്ത്തിയത്. മുറിവാലന്‍ കൊമ്പന്‍ റോഡിലിറങ്ങിയത് അറിഞ്ഞ്‍ ശക്തിവേൽ ഇരുചക്ര വാഹനത്തിൽ ഇവിടെയെത്തി. ഒറ്റയാന്റെ സമീപത്ത് എത്തിയ ശേഷം വാഹനത്തിൽ ഇരുന്ന് കൊണ്ട് തന്നെ ശക്തിവേൽ വലിയ ശബ്‌ദത്തിൽ ശകാരിച്ചു.
റോഡിലിറങ്ങിയ ഒറ്റയാനെ ശകാരിച്ച്, തുരത്തിയോടിച്ച് വനം വകുപ്പ് വാച്ചര്‍ പേടിച്ചരണ്ട് കൊച്ചു കുട്ടിയെ പോലെ കുറെ നേരം പരുങ്ങി നിന്ന ഒറ്റയാൻ പിന്നെ പതിയെ സമീപത്തെ കൃഷിയിടത്തിലേക്ക് കയറി പോയി. കയറി പോകാന്‍ വഴിയില്ലാത്തതിനാല്‍ മുന്‍ കാലുകള്‍ കൊണ്ട് മണ്‍തിട്ട ഇടിച്ചു താഴ്ത്തിയാണ് കൊമ്പന്‍ മുകള്‍ ഭാഗത്തെ കൃഷിയിടത്തിലേക്ക് കയറിയത്. മുറിവാലന്‍ കൊമ്പന്‍ നിരുപദ്രവകാരിയാണെന്നും പടക്കം പൊട്ടിച്ചാല്‍ മാത്രമേ അക്രമകാരിയാകൂ എന്നും ശക്തിവേല്‍ പറഞ്ഞു.
ഇതിന് തൊട്ട് മുന്‍പ് ചക്ക കൊമ്പന്‍ എന്ന് വിളിക്കുന്ന ഒറ്റയാനും മൂലത്തുറയ്ക്ക് സമീപം റോഡിലിറങ്ങിയിരുന്നു. ഈ സമയം റോഡിലൂടെ വന്ന ഓട്ടോറിക്ഷയ്ക്കു നേരെ ചക്ക കൊമ്പന്‍ പാഞ്ഞടുക്കുകയും ചെയ്‌തു. ഉപദ്രവകാരിയായ ചക്ക കൊമ്പന്‍റെ പിടിയില്‍ നിന്ന് തലനാരിഴയ്ക്കാന്‍ പൂപ്പാറ സ്വദേശിയായ ബാദുഷ ഓടിച്ചിരുന്ന ഓട്ടോറിക്ഷയും അതിലെ യാത്രക്കാരും രക്ഷപെട്ടത്.
ഈ രണ്ട് ഒറ്റയാന്‍മാരെ കൂടാതെ അരി കൊമ്പന്‍ എന്ന ഒറ്റയാനാണ് മേഖലയിലുള്ളത്. ബദ്ധവൈരികളായ ഇവരില്‍ ആരെങ്കിലും രണ്ട് കൊമ്പന്‍മാര്‍ തമ്മില്‍ കണ്ടാല്‍ പിന്നെ യുദ്ധമായിരിക്കുമെന്ന് വാച്ചര്‍മാര്‍ പറയുന്നു. കഴിഞ്ഞ ദിവസവും ചക്ക കൊമ്പനും മുറിവാലന്‍ കൊമ്പനും തമ്മില്‍ മുട്ടന്‍ വഴക്കുണ്ടായെന്നും ഇവര്‍ പറയുന്നു. ആനയിറങ്കല്‍ മേഖലയിലെ പിടിയാന കൂട്ടങ്ങളും ഈ ഒറ്റയാന്‍മാരെ പേടിച്ച് ജനവാസ മേഖലകളിലിറങ്ങുന്നത് പതിവാണ്.