ഇടുക്കി: നെടുങ്കണ്ടം ഗ്രാമപഞ്ചായത്തില്‍ സി.പി.എം അക്രമരാഷ്ട്രീയം അഴിച്ചുവിടുന്നതായി ബി.ജെ.പി. മേഖലയിലെ സി.പി.എം നേതാക്കാന്മാര്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ മറച്ചുവെക്കുന്നതിനാണ് ആക്രമണമെന്നും ബി.ജെ.പി ഇടുക്കി ജില്ല കമ്മിറ്റി അംഗം കെ കുമാര്‍ നെടുങ്കണ്ടത്ത് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ഉന്നയിച്ചു.
സി.പി.എമ്മിനെതിരെ ആരോപണവുമായി ബി.ജെ.പി നെടുങ്കണ്ടം, കരുണാപുരം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി മേഖലകളായ കരുണാപുരം, ബാലന്‍പിള്ള സിറ്റി, തോവളാപടി മേഖലകളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു നേരെ തുടര്‍ച്ചയായി ആക്രമണം നടക്കുന്നു. നിരവധി പ്രവര്‍ത്തകര്‍ക്കാണ് തുടര്‍ച്ചയായി ഗുരുതരമായി പരുക്കേറ്റത്. ഇതിന്‍റെ ഭാഗമായാണ് ഇന്നലെ തോവാളപടിയില്‍ വെച്ച് തൈക്കേരി പ്രകാശന് നേരെ ആക്രമണം ഉണ്ടായത്.
'സി.പി.എം അനുഭാവികള്‍ക്ക് വാക്‌സിനേഷന് പ്രത്യേക സൗകര്യം'
കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന കൊവിഡ് വാക്‌സിന്‍ വിതരണം നെടുങ്കണ്ടം 11-ാം വാര്‍ഡില്‍ കാര്യക്ഷമമായല്ല നടക്കുന്നത്. മറ്റ് മേഖലകളിലുള്ള സി.പി.എം അനുഭാവികള്‍ക്കും വാര്‍ഡ് മെമ്പറിന്‍റെ ഇഷ്‌ടക്കാര്‍ക്കും വാക്‌സിന്‍ എടുക്കാന്‍ പ്രത്യേക സൗകര്യമാണ് ഒരുക്കിയത്. ഔദ്യോഗിക സീല്‍ പതിച്ച മെമ്പറുടെ ടോക്കണും വിതരണം ചെയ്തു. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് പ്രകാശിനെ ആക്രമിച്ചത്.
സ്ത്രീവിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മേഖലയിലെ സി.പി.എം നേതാവിനെതിരെ ഉയര്‍ന്ന വിവാദങ്ങളില്‍ നിന്നും പൊതുജന ശ്രദ്ധ തിരിയ്ക്കാനാണ് സി.പി.എമ്മിന്‍റെ ഇത്തരം നടപടികള്‍. സംഭവത്തില്‍ പൊലിസ് നടത്തുന്ന അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും കുറ്റക്കാരെ നിയമത്തിന് മുന്‍പില്‍ എത്തിയ്ക്കുമെന്നാണ് കരുതുന്നെന്നും കെ കുമാര്‍ പറഞ്ഞു.
ALSO READ:സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്‌ഡൗണ്‍ പരിഷ്കരിച്ചു