ഇടുക്കി:തലചായ്ക്കാൻ അടച്ചുറപ്പുള്ള ഒരു കൂരയില്ലാതെ ദുരിതത്തിലായിരുന്ന വയോധികയ്ക്ക് വീടൊരുക്കി ജനകീയ കൂട്ടായ്‌മ. കരുണാപുരം ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ ഈഴക്കുന്നേല്‍ ശാന്തയാണ് ശോചനീയമായ വീട്ടിൽ കഴിഞ്ഞിരുന്നത്. നെടുങ്കണ്ടം 50 ഏക്കറിലെ ദുര്‍ഘട മേഖലയിലായിരുന്നു ഇവരുടെ സ്ഥലം.
നിര്‍മാണ സാമഗ്രികള്‍ എത്തിക്കാൻ വഴിയില്ല ; നാട്ടുകാർ കൈകോർത്ത് വയോധികയ്ക്ക് വീടൊരുക്കി - മിനി പ്രിന്‍സ് കരുണാപുരം പഞ്ചായത്ത് പ്രസിഡന്‍റ്
പിഎംഎവൈ പദ്ധതിയിൽ വീട് അനുവദിച്ചിട്ടും നെടുങ്കണ്ടം സ്വദേശി ശാന്തയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലേക്ക് വഴിയില്ലാത്തതിനാൽ നിര്‍മാണ സാമഗ്രികള്‍ പോലും എത്തിയ്ക്കാന്‍ കഴിയാതെ നിർമാണം പ്രതിസന്ധിയിലാകുകയായിരുന്നു. നിരവധി ബുദ്ധിമുട്ടുകളെ അതിജീവിച്ചാണ് നാട്ടുകാർ കൈകോർത്ത് വയോധികയ്ക്ക് വീടൊരുക്കിയത്.
പിഎംഎവൈ പദ്ധതി പ്രകാരം ഇവര്‍ക്ക് വീട് അനുവദിച്ചെങ്കിലും പുരയിടത്തിലേക്ക് വഴി ഇല്ലാതിരുന്നതിനാൽ വീടിന്‍റെ നിർമാണം പ്രതിസന്ധിയിലാകുകയായിരുന്നു. വീട് നിർമിക്കുന്ന സ്ഥലത്തേക്ക് നിർമാണ സാമഗ്രികൾ എത്തിക്കുക എന്നത് ഏറെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഗ്രാമ പഞ്ചായത്ത് അംഗം സതി അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ നാട്ടുകാര്‍ നിര്‍മാണം ഏറ്റെടുക്കുകയായിരുന്നു.
റോഡില്‍ നിന്നും റോപ് വേ നിര്‍മിച്ചാണ് നിര്‍മാണ സാമഗ്രികൾ എത്തിച്ചത്. കല്ലാര്‍ ഗവൺമെന്‍റ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ 1983 എസ്എസ്എല്‍സി ബാച്ചിന്‍റെ കൂട്ടായ്‌മയായ സ്‌നേഹ സാഗരത്തിന്‍റെ നേതൃത്വത്തിലാണ് പെയിന്‍റിങ് ജോലികള്‍ ചെയ്‌തത്. നിര്‍മാണം പൂര്‍ത്തീകരിച്ച വീടിന്‍റെ താക്കോല്‍ ദാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് മിനി പ്രിന്‍സ് നിര്‍വഹിച്ചു.