ഇടുക്കി: മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഓഫിസുകളില്‍ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. വിവിധ ഓഫിസുകളില്‍ നിന്നായി കണക്കില്‍പ്പെടാത്ത ലക്ഷക്കണക്കിന് രൂപ പിടിച്ചെടുത്തു. വിജിലന്‍സ് ഡിവൈ.എസ്.പി. വി.ആര്‍.രവികുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും വരും ദിവസങ്ങളിലും റെയ്‌ഡ് തുടരുമെന്നും വിജിലന്‍സ് നേതൃത്വം അറിയിച്ചു.
പീരുമേട് സബ് റീജണല്‍ ആര്‍.ടി.ഓഫിസില്‍ നിന്ന് കണക്കില്‍പ്പെടാത്ത 65,060 രൂപ പിടിച്ചെടുത്തു. ഓഫിസ് ക്യാബിന്‍റെ കൗണ്ടറില്‍ നിന്നാണ് പണം കണ്ടെത്തിയത്. ഇടുക്കി, അടിമാലി സബ് റീജണല്‍ ആര്‍.ടി.ഓഫിസുകളിലെത്തിയ ഡ്രൈവിങ് സ്‌കൂള്‍ ഏജന്‍റുമാരുടെ പക്കല്‍നിന്ന് ഉറവിടം വ്യക്തമല്ലാത്ത പണം കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി ഓഫിസിലെത്തിയ ഏജന്‍റിന്‍റെ പക്കല്‍നിന്ന് 16,060 രൂപയും അടിമാലിയിലെ ഏജന്‍റില്‍ നിന്ന് 58,100 രൂപയും പിടിച്ചെടുത്തു.