ഇടുക്കി: കേരള തമിഴ്‌നാട് അതിർത്തിയായ രാമക്കൽമേട്ടിലെ ജാഗ്രത സമിതി കേവലമൊരു ജനകീയ കൂട്ടായ്‌മയല്ല. കൊവിഡിനെ അതിർത്തി കടക്കാതെ കാക്കുന്ന സന്നദ്ധ പ്രവർത്തകരുടെ സേനയാണ്. രാപ്പകൽ വ്യത്യാസമില്ലാതെ വീട്ടമ്മമാരും യുവാക്കളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘത്തിന്‍റെ പരിശോധനയിലൂടെ കൊവിഡ് പ്രതിരോധത്തിന് മാത്രമല്ല വ്യാജമദ്യ- കഞ്ചാവ് ലോബിയുടെ പ്രവർത്തനത്തിനും തടയിടാനാകുന്നുണ്ട്.
കഴിഞ്ഞ വർഷം തമിഴ്‌നാട്ടിലെ തേനി ജില്ലയിൽ നിന്നും അതിർത്തിയിലെ കാട്ടു പാതകൾ വഴി കേരളത്തിലേക്ക് നിരവധി പേർ കടന്നു കയറിയത് നെടുങ്കണ്ടം ഉൾപ്പെടെയുള്ള അതിർത്തി പഞ്ചായത്തുകളിൽ കൊവിഡ് വ്യാപനം വര്‍ധിക്കാന്‍ കാരണമായിരുന്നു. ഇതേ തുടർന്ന് കലക്‌ടറുടെ നിർദേശ പ്രകാരമാണ് പൊലീസിന് പുറമെ അതിർത്തിയില്‍ നിരീക്ഷണം നടത്താന്‍ ജനകീയ സമിതി രൂപീകരിച്ചത്. ഇടയ്ക്ക് കൊവിഡിന് അയവ് വന്നെങ്കിലും കൂട്ടായ്‌മ സ്ഥിരം സംവിധാനമായി തുടരുകയായിരുന്നു.